കൊച്ചി: ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകാത്തതിന് പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 9,395 രൂപയാണ് വസ്ത്രവ്യാപാരിക്ക് പിഴയിട്ടത്. ആലപ്പുഴയിലെ ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോ എന്ന സ്ഥാപനത്തിനെതിരെ എറണാകുളം ഇടപ്പള്ളി സ്വദേശിയും അദ്ധ്യാപികയുമായ കെ.ജി. ലിസയാണ് പരാതി നൽകിയത്.
1,395 രൂപയ്ക്കാണ് ലിസ ചുരിദാർ ഓൺലൈനായി വാങ്ങിയത്. ഓർഡർ നൽകിയപ്പോൾ തന്നെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന നിറമല്ല വേണ്ടതെന്നും പകരം മറ്റൊരു നിറം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ നിറം മാറ്റം സാധ്യമല്ലെന്ന് എതിർകക്ഷി അറിയിച്ചു. തുടർന്ന് ഓർഡർ റദ്ദാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തപാലായി വന്ന ഉത്പന്നം തന്റെ അളവിലല്ലെന്ന് മനസിലായതോടെ മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. തുക റീഫണ്ട് ചെയ്യാനും സ്ഥാപനം തയ്യാറായില്ല. തുടർന്നാണ് അദ്ധ്യാപിക ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനുമായി ബന്ധപ്പെട്ടത്.
വിറ്റ ഉത്പന്നം മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ലെന്നത് ശരിയായ നടപടിയല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് 9,395 രൂപ പിഴയടയ്ക്കാൻ നിർദ്ദേശിച്ചത്. ഡിബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിൻ്റേതാണ് ഉത്തരവ്.















