ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള തീവ്രവാദം രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധത്തിന് തടയിടുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ഊർജ്ജ വിതരണം തുടങ്ങിവയെ ഇത് ബാധിക്കും. മേഖലയുടെ വികസനത്തിന് സമാധാനവും സ്ഥിരതയുമുള്ള ബന്ധമാണ് ആവശ്യമെന്നും ജയശങ്കർ പറഞ്ഞു. പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടന്ന എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെൻ്റിന്റെ 23-ാമത് യോഗത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
പാകിസ്താനെതിരെയുള്ള പരോക്ഷ വിമർശനമാണ് വിദേശകാര്യമന്ത്രി യോഗത്തിൽ ഉന്നയിച്ചത്. അതിർത്തി കടന്നുള്ള തീവ്രവാദവും ഭീകരവാദവും വിഘടനവാദവും പ്രോത്സാഹിപ്പിച്ചാൽ അതൊരിക്കലും രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിനോ ഊർജ വിതരണത്തിനോ സഹായിക്കില്ല. ഈ മൂന്ന് തിന്മകൾക്കെതിരെ ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയേറ്റിവിനെതിരെയും (BRI) ജയശങ്കർ വിമർശനമുന്നയിച്ചു. കണക്ടിവിറ്റി പദ്ധതികൾ നടപ്പാക്കുന്നത് പരസ്പര ബഹുമാനത്തോടെയും രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടുമായിരിക്കണം. മേഖലയിലെ ഏകപക്ഷീയമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അല്ലാത്തപക്ഷം ഇത് പരസ്പരമുള്ള സൗഹൃദവും വിശ്വാസവും കുറയുന്നതിനിടയാക്കും. നല്ല അയൽക്കാരെ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്‌ട്രങ്ങൾ ആത്മപരിശോധന നടത്താൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ ഒരു വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്. കശ്മീർ പ്രശ്‌നത്തിലും അതിർത്തി കടന്നുള്ള ഭീകരവാദത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ജയശങ്കർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘമാണ് എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെൻ്റ് (സിഎച്ച്ജി) ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.