പുത്തൂർ: ജീവിതം സംഘ പ്രവർത്തനത്തിന് സമർപ്പിച്ചു. ഗണവേഷത്തിൽ കർമ്മനിരതനായിരിക്കെ മരണവും. കഴിഞ്ഞ ദിവസം രാഷ്‌ട്രീയ സ്വയം സേവക സംഘം വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കവേ മരണമടഞ്ഞ ആർഎസ്എസ് പുത്തൂർ ഖണ്ഡ് പ്രൗഢ പ്രമുഖ് കുളക്കട കിഴക്ക് വാഴപ്പള്ളിൽ പടിഞ്ഞാറ്റതിൽ ടി.ആർ. ഹരികുമാറിന് (47) പ്രണാമമർപ്പിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.
വിജയദശമി മഹോത്സവവുമായി ബന്ധപ്പെട്ട് സജീവമായിരുന്ന ഹരികുമാർ പഥസഞ്ചലനത്തിലും പൂർണസമയം പങ്കെടുത്തിരുന്നു. ഇതിനു ശേഷം കുടിവെള്ള വിതരണത്തിനിടെ കുഴഞ്ഞു വീണ ഹരികുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുരുത്തിലമ്പല ശാഖാ സ്വയംസേവകനായാണ് ഹരികുമാറിന്റെ സംഘജീവിതത്തിന് തുടക്കം. ശാഖാ ഗഡനായക്, ശിക്ഷക്, മുഖ്യശിക്ഷക്, ശാഖാ കാര്യവാഹ്, കുളക്കട മണ്ഡലം ശാരീരിക് ശിക്ഷൺ പ്രമുഖ്, സഹകാര്യവാഹ്, ബൗദ്ധിക് പ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിവേകാനന്ദ ബാലഗോകുലത്തിന്റെ സംഘാടന പ്രവർത്തനത്തിലും സജീവമായിരുന്നു. ഭാര്യ: ലതിക. മകൾ: ദേവിക.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായിട്ടാണ് ഭൗതികദേഹം വീട്ടിലെത്തിച്ചത്. കുടുംബവീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ വിവിധ ഹൈന്ദവ സംഘടനാ പ്രവർത്തകർ പ്രണാമമർപ്പിച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി അഡ്വ. വയയ്‌ക്കൽ സോമൻ, ആർഎസ്എസ് പ്രാന്തകാര്യകാരി അംഗം വി. മുരളീധരൻ, വിഭാഗ് ശാരീരിക് പ്രമുഖ് പി. അനിൽകുമാർ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയും നിരവധി പേർ ഹരികുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം പങ്കുവെച്ചു.
അനുസ്മരണ സമ്മേളനത്തിൽ ആർഎസ്എസ് പ്രാന്ത സഹപ്രൗഢ പ്രമുഖ് ആർ. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് പുത്തൂർ ഖണ്ഡ് കാര്യവാഹ് വിഷ്ണു, വിഭാഗ് കാര്യകാരി അംഗം ആർ. ബാബുകുട്ടൻ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം എ. അജി, വാർഡ് മെമ്പർ എ. ഹരികൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറിയേറ്റംഗം ടി. സുനിൽകുമാർ, യുഡിഎഫ് കുളക്കട പഞ്ചായത്ത് കൺവീനർ പുവറ്റൂർ സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് നെല്ലിവിള വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.















