ഒരു കാന്റീൻ നടത്താൻ കുറഞ്ഞത് രണ്ടാളെങ്കിലും വേണ്ടിവരുമെന്ന് നമുക്കറിയാം. എന്നാൽ ഈ കാന്റീനിൽ ആഹാരം വെക്കാനും വിളമ്പാനും മനുഷ്യരുടെ ആവശ്യമേയില്ല. നല്ല ചൂടുള്ള ആഹാരം സ്വാദോടെ വച്ചുണ്ടാക്കുന്ന റോബോട്ടിക് അടുക്കളയാണ് ഇവിടുത്തെ താരം.
ജർമനിയിലെ ഒരു ആശുപത്രി കാന്റീനിലാണ് എല്ലാം സ്വമേധയാ ചെയ്യുന്ന അടുക്കളയുള്ളത്. ഒന്നും രണ്ടുമല്ല, 120 വ്യത്യസ്ത വിഭവങ്ങളാണ് ഈ അടുക്കളയിൽ നിന്ന് ലഭ്യമാവുക. ചെറിയൊരു സഹായം മാത്രമേ റോബോട്ടിന് വേണ്ടതുള്ളു. ചേരുവകളെല്ലാം തയ്യാറാക്കി വച്ചുകൊടുക്കണം. ഇൻഗ്രീഡിയൻസ് കയ്യിൽ കിട്ടിയാൽ ഏതുവിഭവവും മിനിറ്റുകൾക്കുള്ളിൽ രുചിയോടെ പാകം ചെയ്യാൻ കക്ഷിക്ക് സാധിക്കുമെന്ന് റോബോട്ടിക് അടുക്കള വികസിപ്പിച്ച ഗുഡ്ബൈറ്റ്സ് പ്രതികരിച്ചു.
ദക്ഷിണ ജർമനിയിലെ ട്യൂബിൻജെൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കാന്റീനാണ് യന്ത്രവത്കൃതമായി പ്രവർത്തിക്കുന്നത്. ടച്ച് സ്ക്രീനിലൂടെ ഇഷ്ടമുള്ള ഭക്ഷണം ആളുകൾക്ക് ഓർഡർ ചെയ്യാം. ജർമൻ വിഭവങ്ങൾ മാത്രമല്ല പ്രസിദ്ധമായ ഏഷ്യൻ ഡിഷുകളും ഇറ്റാലിയൻ സ്റ്റൈലിലുള്ള പാസ്തകളും ഈ കാന്റീനിൽ നിന്ന് ലഭിക്കും.
റോബോട്ടിക് കാന്റീനിന് അകത്തെ റെഫ്രിജറേറ്ററിൽ ചേരുവകൾ തയ്യാറാക്കി വെക്കണമെന്നതാണ് മനുഷ്യൻ ചെയ്യേണ്ട ഏക കാര്യം. പച്ചക്കറികളും മറ്റും അരിഞ്ഞ്, വിഭവങ്ങൾക്ക് ഉചിതമായ പരുവത്തിലാക്കി കൊടുക്കുകയാണ് മനുഷ്യർ ചെയ്യുന്നത്. ഓർഡർ അനുസരിച്ച് ഫ്രിഡ്ജിലെ ചേരുവകളിൽ നിന്ന് ആവശ്യമായവ തെരഞ്ഞെടുത്ത് റോബോട്ട് പാകം ചെയ്യുന്നതാണ് രീതി. കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച റോബോട്ടിക് കിച്ചൻ വൻ ജനപ്രീതി നേടിയതിനാൽ ദിവസവും ഇവിടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആഹാരങ്ങൾക്ക് 6 മുതൽ 9 യൂറോ വരും ചാർജും ഈടാക്കുന്നുണ്ട്. 24/7 പ്രവർത്തിക്കുന്ന കാന്റീനിനെ പ്രധാനമായും ആശ്രയിക്കുന്നത് ആശുപത്രിയിലെ ജീവനക്കാർ തന്നെയാണ്.