മുൻ പിഎസ്ജി പരിശീലകനായ തോമസ് ടുഷേലിനെ ദേശീയ ഫുട്ബോൾ ടീമിന്റെ മാനേജരാക്കി ഇംഗ്ലണ്ട്. രണ്ടുവർഷത്തിനിടെ പിഎസ്ജിക്കൊപ്പം ആറു കിരീടങ്ങൾ നേടിയ ജർമൻകാരനായ പരിശീലകൻ ജനുവരിയിലാകും ചുമതലയേൽക്കുക. നിലവിൽ ലീ കാർസ്ലെ ആണ് ഇംഗ്ലണ്ടിന്റെ ഇടക്കാല പരിശീലകൻ. പരിശീലകനായിരുന്ന സൗത്ത് ഗേറ്റ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവിക്ക് പിന്നാലെ രാജിവച്ച ഒഴിവിലാണ് ഇടക്കാല പരിശീലകനെ നിയമിച്ചത്.
ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ലഭിച്ച അവസരം വലിയാെരു ബഹുമതിയായി കാണുന്നുവെന്ന് തോമസ് പറഞ്ഞു. 18 മാസത്തേക്കാണ് 51-കാരനെ നിയമിച്ചിരിക്കുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ട്, ചെൽസി,ബയേൺ മ്യൂണിക് തുടങ്ങിയ മുൻനിര ക്ലബുകളെ പരിശീലിപ്പിച്ചതിന്റെ പരിചയ സമ്പത്തുമായാണ് സൂപ്പർ മാനേജർ ഇംഗ്ലണ്ടിന്റെ തലവര മാറ്റാൻ എത്തുന്നത്.
ചെൽസിയെ 2021ൽ ചാമ്പ്യൻസ് കിരീടത്തിലേക്ക് നയിച്ചത് ടുഷേലായിരുന്നു. 2026 ലോകകപ്പ് മുന്നിൽ കണ്ടാണ് ടുഷേലിനെ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ക്യാമ്പിലെത്തിച്ചത്. ഇംഗ്ലണ്ട് ചരിത്രത്തിലെ മൂന്നാമത്തെ വിദേശ പരിശീലകനാണ് തോമസ്. സൗത്ത് ഗേറ്റ് എട്ടുവർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പരിശീലക കുപ്പായം അഴിച്ചുവച്ചത്.