ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർച്ചയായ രണ്ടാം വട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ജെപി നദ്ദ, മറ്റ് മുതിർന്ന ബിജെപി നേതാക്കൾ, എൻഡിഎ കക്ഷി നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പരിപാടിക്ക് മുന്നോടിയായി പഞ്ച്കുളയിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വേദിയിലുള്ളവർക്ക് ചടങ്ങ് സുഗമമായി കാണുന്നതിനായി 14ഓളം എൽഇഡി സ്‌ക്രീനുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. 50,000ത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹരിയാന ബിജെപി അദ്ധ്യക്ഷൻ മോഹൻ ലാൽ ബദോലി പറഞ്ഞു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വാത്മീകി ജയന്തി ദിനത്തിലാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി നിയമസഭാകക്ഷി യോഗത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് നയാബ് സിംഗ് സൈനി ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്. തുടർച്ചയായ മൂന്നാം വട്ടമാണ് സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുന്നത്. 2024 മാർച്ചിലാണ് മനോഹർ ലാൽ ഖട്ടറിന് പകരമായി നയാബ് സിംഗ് സൈനി ആദ്യമായി ഹരിയാന മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.















