തിരുവനന്തപുരം : യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തി പരസ്യമായി അധിക്ഷേപിച്ചതിൽ മനം നൊന്ത് കണ്ണൂർ എ ഡി എം ആത്മഹത്യ ചെയ്ത സംഭവത്തിൽ പിപി ദിവ്യ രാജിവെക്കണമെന്ന ആവശ്യം മുറുകുന്നു.
അഴിമതി രഹിത ഓഫീസർമാരിൽ മുൻ നിരക്കാരനായ നവീൻ ബാബു കൈക്കൂലി വാങ്ങില്ല എന്നാണ് പൊതുവെ എല്ലാവരും വിശ്വസിക്കുന്നത്. സിപിഎം അനുഭാവ ഉദ്യോഗസ്ഥ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ വിഷയം ചർച്ചയാണ്. ജോലിയിൽ പ്രവേശിച്ചപ്പോൾ മുതൽ സിപിഎം അനുകൂല സംഘടനകളിൽ മാത്രം പ്രവർത്തിച്ച നവീൻ ബാബുവിനെ പിപി ദിവ്യ വേട്ടയാടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശ്വാസം.
ഇത് കൂടാതെ പിപി ദിവ്യയുടെയും ഭർത്താവിന്റെയും അഴിമതികളും ബിനാമി ഇടപാടുകളും ചർച്ചയാകുന്നുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ച പ്രശാന്തൻ പിപി ദിവ്യയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്താണെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. ഇയാൾ അവരുടെ ബിനാമിയാണെന്ന് സോഷ്യൽ മീഡിയയിൽ നിരവധിപേരാണ് ആരോപിക്കുന്നത്. അങ്ങനെയാകുമ്പോൾ ദിവ്യ നടത്തിയ ഇടപെടൽ അഴിമതിക്ക് പ്രേരിപ്പിക്കുന്ന ഒന്നാണെന്ന് സിപി എമ്മുകാർ തന്നെ പറയുന്നു.
സി.പി.എമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന കുടുംബമാണ് നവീൻബാബുവിന്റെത്. അങ്ങിനെയുളള ഒരു സഖാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ സ്വദേശമായ പത്തനംതിട്ടയിലെ പാർട്ടിഘടകത്തിനും കടുത്ത പ്രതിഷേധമുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞു രംഗത്തെത്തി. നവീൻ ബാബു അഴിമതിക്കാരനല്ലെന്നു മന്ത്രി വീണാ ജോർജും യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയും പറഞ്ഞു കഴിഞ്ഞു. റവന്യു മന്ത്രി കെ രാജനും നവീൻ ബാബുവിനെ അനുകൂലിച്ചാണ് നിലപാട് വ്യക്തമാക്കിയത്.
അതെ സമയം സംസ്ഥാനത്തെ സർക്കാരുദ്യോഗസ്ഥർ സർക്കാരുമായി അപ്രഖ്യാപിത നിസ്സഹകരണത്തിൽ എത്തിക്കഴിഞ്ഞു.സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കുന്ന അടുത്തിടെയുണ്ടായ രണ്ടാമത്തെ സംഭവമാണിത്. മലപ്പുറം എസ്‌പി ആയിരുന്നു ശശിധരനെ പി വി അൻവർ പൊതു വേദിയിൽ അധിക്ഷേപിച്ചിരുന്നു. അൻവർ പിന്നീട് സിപിഎമ്മിൽ നിന്ന് പുറത്തു പോയെങ്കിലും ആ സംഭവത്തിന്റെ ആദ്യ ഘട്ടത്തിൽ സിപിഎമ്മും സർക്കാരും അൻവറിനൊപ്പം ആയിരുന്നു.
ദിവ്യ എസ് അയ്യർ ഐ എ എസ് നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചിച്ചു ഇട്ട കുറിപ്പും വൻ തോതിൽ ജനങ്ങളെ സ്വാധീനിച്ചു കഴിഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലയിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുത്തു പ്രതിഷേധിച്ചു. കണ്ണൂർ കലക്ടറേറ്റിലെ റവന്യു ജീവനക്കാർ ആരും ഇന്നലെ ജോലിക്കെത്തിയില്ല. സംസ്ഥാനത്തു പലയിടത്തും റവന്യു ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധിച്ചു.
നവീൻ ബാബുവിന്റെ മരണത്തിനു കാരണം പിപി ദിവ്യയാണെന്ന് ഏതാണ്ടുറപ്പായതോടെ പാർട്ടിയുടെ മുഖം രക്ഷിക്കാൻ കണ്ണൂർ ജില്ലയിലെ നേതാക്കൾ കൂടിയാലോചന നടത്തി. അതിനു ശേഷമാണ് അടിയന്തരമായി സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ദിവ്യയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് വിലയിരുത്തിയത്. ഇത് പത്രക്കുറിപ്പിറപ്പാക്കി പ്രസിദ്ധീകരിച്ചു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ സിപിഎം. വരാൻ പോകുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ പിപി ദിവ്യയുടെ ക്രൂരത ഒരു ചർച്ചയാകും എന്ന് സിപിഎം ഭയക്കുന്നു. മാറ്റുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ല എന്നാണ് സിപിഎം ഔദ്യോഗികമായി പറയുന്നതെങ്കിലും ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ എന്ന പദവിയിൽ ദിവ്യയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മുഖം രക്ഷിക്കാൻ മറ്റു മാർഗമില്ലെന്ന വിലയിരുത്തലാണ് മിക്ക നേതാക്കൾക്കുമുള്ളത്.