സ്പെയിനിൽ നടന്ന ഐക്കൺസ് കോൺകോർസ് ഇവൻ്റിൽ അവാർഡ് സ്വന്തമാക്കി ഇന്ത്യൻ വ്യവസായി യോഹാൻ പൂനവല്ല. അപൂർവ 1928 റോൾസ് റോയ്സ് ‘17EX’ പ്രദർശിപ്പിച്ചുകൊണ്ടാണ് ‘ദി ഗ്രാൻഡ്’ എന്ന പേരിൽ നടന്ന ഇവന്റിൽ അഭിമാനകരമായ ‘ബെസ്റ്റ് ഓഫ് ഷോ’ അവാർഡ് അദ്ദേഹം സ്വന്തമാക്കിയത്.
ഒക്ടോബർ 1 മുതൽ 6 വരെ വിവിധ സ്ഥലങ്ങളിൽ നടന്ന ‘ഐക്കൺസ് മൊബിലിറ്റി വീക്ക് ഫോർ ഗുഡിന്റെ’ ഭാഗമായി അപൂർവവും പഴയതുമായ വാഹനങ്ങൾ പ്രദർശിപ്പിക്കുക എന്നതായിരുന്നു മത്സരം. കോൺകോർസ് ഡി എലഗൻസിൽ പ്രശസ്ത കളക്ടറുടെ ഇന്ത്യൻ ഹെറിറ്റേജ് മഹാരാജ റോൾസ് റോയ്സാണ് യോഹാൻ പൂനവല്ല അവതരിപ്പിച്ചത്.
വിവിധ ക്ലാസുകളിലായി നിരനിരയായി കിടന്ന മറ്റെല്ലാ കാറുകളെയും പരാജയപ്പെടുത്തി കൊണ്ടാണ് വിംബിൾഡണിലെ ജാർവിസിന്റെ കോച്ച് വർക്ക് ഉള്ള ലോകത്തിലെ ഇത്തരത്തിലുള്ള ഒരേയൊരു 17EX അവാർഡ് സ്വന്തമാക്കിയത്. നാട്ടുരാജ്യമായ ജമ്മു & കാശ്മീരിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ഹരി സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രോട്ടോടൈപ്പായിരുന്നു ഈ കാർ. റോൾസ് റോയ്സ് സഹസ്ഥാപകനായ സർ ഹെൻറി നേരിട്ട് മേൽനോട്ടം വഹിച്ചാണ് ഈ കാറിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിയത്.
നൂതനമായ എയറോഡൈനാമിക് ഡിസൈൻ ടെക്നിക്കുകളും ശക്തമായ 7.8 ലിറ്റർ എഞ്ചിനും 17EX-ന് ഉണ്ട്. പൂനവല്ലയുടെ വിപുലമായ ശേഖരത്തിലെ അസാധാരണമായ നിരവധി റോൾസ്-റോയ്സ് മോഡലുകളിൽ ഒന്നാണ് 17EX. അതിൽ സർ മാൽക്കം കാംപ്ബെല്ലിന്റെ ഫാൻ്റം II, എലിസബത്ത് രാജ്ഞി ഉപയോഗിച്ച 1979 ഫാൻ്റം VI എന്നിവയും ഉൾപ്പെടുന്നു.