കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് അമിത താത്‌പര്യമുള്ള പെട്രോൾ പമ്പ് യഥാർഥത്തിൽ ആരുടെതെന്ന ചോദ്യം സംസ്ഥാന രാഷ്‌ട്രീയാന്തരീക്ഷത്തിൽ വിവാദമായി മാറുന്നു. ഈ പെട്രോൾ പമ്പിന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട് പിപി ദിവ്യ അധിക്ഷേപിച്ചതാണ് എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നത് വ്യക്തമായതോടെയാണ് പമ്പിന്റെ ബിനാമി സ്വഭാവം വെളിച്ചത്ത് വരുന്നത്.
പിപി ദിവ്യയെ ദേഷ്യം പിടിപ്പിച്ച വിവാദ പെട്രോൾപമ്പ് അവരുടെയും ഭർത്താവിന്റെയും ആണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. പി.പി. ദിവ്യയുടെ ഭർത്താവിന്റെ ബിനാമിയാണ് പരാതിക്കാരനെന്നാണ് കണ്ണൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.
കണ്ണൂർ ശ്രീകണ്ഠപുരം നെടുവാലൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) പെട്രോൾപമ്പ് തുടങ്ങാനുള്ള പദ്ധതിയാണ് വിവാദമാകുന്നത്. ഇതിനായി അപേക്ഷ നൽകിയത് ടി.വി. പ്രശാന്തൻ എന്നയാളാണ്. നെടുവാലൂര്‍ ചേരാംകുന്നില്‍ സെയ്ന്റ് ജോസഫ്സ് പള്ളിയുടെ 40 സെന്റ് പാട്ടത്തിനെടുത്താണ് പ്രശാന്തന്‍ പമ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. NOC നൽകാൻ എ.ഡി.എമ്മായിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ഇയാൾ പരാതി ഉന്നയിച്ചത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗത്തിലാണ് പ്രശാന്തൻ ജോലി ചെയ്യുന്നത്. സർക്കാർ ശമ്പളം പറ്റുന്ന സ്ഥിരംജീവനക്കാരനാണ് ഇയാൾ .സർക്കാർജീവനക്കാർ വ്യവസായസംരംഭങ്ങൾ തുടങ്ങുന്നത് സർവീസ് നിയമങ്ങൾക്ക് വിരുദ്ധമാണ്. എങ്കിലും
മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട് എന്നാണ് ഇക്കാര്യത്തിൽ പറയപ്പെടുന്ന് ന്യായം.
ആറ് സർക്കാർ വകുപ്പുകൾ നൽകുന്ന അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടമാണ് എൻ ഓ സി നൽകേണ്ടത്. ഈ എതിർപ്പില്ലാരേഖ പരിഗണിച്ചാണ് പെട്രോളിയം കമ്പനികൾ പമ്പ് അനുവദിക്കുന്നത്. സർക്കാർ ജീവനക്കാരനായ പ്രശാന്തന് എങ്ങനെ എൻ ഓ സി കിട്ടിയെന്നത് ഇപ്പോഴും ദുരൂഹമാണ്.ചട്ടപ്രകാരം പോലീസ് അടക്കം എല്ലാ സർക്കാർവകുപ്പുകളും മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ആ റിപ്പോർട്ടുകൾ അനുകൂലമാണെങ്കിൽ കളക്ടര്‍ അല്ലെങ്കിൽ എ.ഡി.എം. നേരിട്ട് സ്ഥലപരിശോധന നടത്തി എന്‍.ഒ.സി. നല്‍കും. നിരസിക്കുകയാണെങ്കില്‍ അതും അറിയിക്കും.
പട്രോൾ പമ്പ് തുടങ്ങുന്ന ഇടത്ത് റോഡിലുള്ള വളവ് ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവി തടസ്സവാദമുന്നയിച്ചതിനാലാണ് എ.ഡി.എം. എതിര്‍പ്പില്ലാരേഖ നല്‍കാതിരുന്നതെന്ന് പറയുന്നു. ആ വളവ് ശരിയാക്കാനുള്ള നിര്‍ദേശത്തോടെയാണത്രേ പിന്നീട് എൻ ഓ സി നല്‍കിയത്.
പെട്രോൾ പമ്പ് സ്ഥാപിക്കാൻ ചെലവാക്കേണ്ടി വരുന്ന തുകയെക്കുറിച്ചാണ് അടുത്ത സംശയം. പമ്പിന്റെ മുതൽമുടക്കായി 1. 07 കോടിരൂപ ചെലവുവരുമെന്നാണ് ബി.പി.സി.എല്ലിന്റെ കണക്ക്.ലേലത്തുകയായി 15 ലക്ഷം രൂപ നേരത്തേ അടയ്‌ക്കണം. കരുതല്‍നിക്ഷേപമായി നാലുലക്ഷം രൂപയും അടയ്‌ക്കണം ഇതിനായി വായ്പയെടുക്കുമെന്നാണ് പ്രശാന്തന്റെ പക്ഷം.കഴിഞ്ഞ ദിവസം ഇങ്ങിനെ ഇയാൾ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.
എ.കെ.ജി. സെന്റർ ഓഫീസ് സെക്രട്ടറിയായ ബിജു കണ്ടക്കൈയുടെ അച്ഛന്റെ സഹോദരന്റെ മകനും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥിന്റെ അമ്മാവന്റെ മകനുമാണ് പ്രശാന്തൻ. ഇയാൾ സി.പി.എം. പരിയാരം മെഡിക്കൽ കോളേജ് ബ്രാഞ്ച് അംഗം കൂടിയാണ്. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രശാന്തന്റെ സഹപ്രവർത്തകനാണ്.
ഇത്രയും രാഷ്‌ട്രീയബന്ധങ്ങളുള്ള പ്രശാന്തന് കാരണമില്ലാതെ എ.ഡി.എം. അനുമതി നിഷേധിക്കാൻ സാധ്യത ഉണ്ടോ എന്ന സംശയം എല്ലാ കോണുകളിൽ നിന്നും ഉയരുന്നു. അഥവാ അങ്ങിനെ നിഷേധിച്ചാൽ തന്നെ സർക്കാർതലത്തിലും പാർട്ടിതലത്തിലും ഉടൻ തന്നെ പ്രശാന്തൻ പരാതിപ്പെടെണ്ടതാണ് .