കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ബിനാമിയാണ് കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തെന്ന് കണ്ണൂർ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. സംഭവത്തിൽ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടതായും അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
“പി പി ദിവ്യയുടെ ഭർത്താവ് അജിത്തും പ്രശാന്തും കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. പ്രശാന്ത് കേവലം ഒരു നോമിനി മാത്രമാണ്. ഇതൊരു ബിനാമി ഇടപാടാണ്. പ്രശാന്തിന്റെ പേരിൽ പമ്പിന് അപേക്ഷ കൊടുത്തു. എന്നാൽ ഇതിൽ പി പി ദിവ്യക്കും ഭർത്താവ് അജിത്തിനുമുള്ള പങ്ക് വ്യക്തമാക്കേണ്ടതുണ്ടെന്നും” ഹരിദാസ് പറഞ്ഞു.
കണ്ണൂർ ശ്രീകണ്ഠപുരം നെടുവാലൂരിൽ തുടങ്ങാൻ ശ്രമിക്കുന്ന പെട്രോൾ പമ്പിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) അനുമതി ലഭിച്ചിട്ടില്ല. പള്ളിയുടെ 40 സെന്റ് പാട്ടത്തിനെടുത്താണ് പ്രശാന്ത് പമ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. പെട്രോൾ പമ്പ് തുടങ്ങുന്നയിടത്ത് റോഡിലുള്ള വളവ് ചൂണ്ടിക്കാണിച്ച് പൊലീസ് തടസ്സവാദമുന്നയിച്ചിരുന്നു. എഡിഎം നവീൻ ബാബു അപേക്ഷയ്‌ക്ക് NOC നൽകാതിരുന്നത് ഈ ക്രമവിരുദ്ധത ഉള്ളതുകൊണ്ടാണ്. കൂട്ടത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥൻ മരിച്ചിട്ട് ആരും ഇടപെട്ടിട്ടില്ല. എന്നാൽ പമ്പിന് അനുമതി നേടിയെടുക്കാൻ ഇപി ജയരാജനും എകെജി സെന്ററിലെ നേതാക്കളും ഉൾപ്പെടയുള്ളവർ ഇടപെട്ടെന്ന് ഹരിദാസ് ആരോപിച്ചു
ദിവ്യയുടെ ബിനാമിക്ക് വേണ്ടി പമ്പിന് അനുവാദം നേടിയെടുക്കാൻ സിപിഎമ്മിലെ സമുന്നതരായ നേതാക്കൾ ഇടപെട്ടിട്ടുണ്ട്. ഇതിലെ ക്രമക്കേട് പരിശോധിക്കാൻ ബിജെപി BPCL ന് പരാതികൊടുത്തതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ഉടൻ ഉണ്ടാകുമെന്നും ഹരിദാസ് കൂട്ടിച്ചേർത്തു.















