വിവാഹങ്ങൾ, ഉത്സവങ്ങൾ, പിറന്നാൾ ആഘോഷങ്ങൾ തുടങ്ങി എന്തിനും ഏതിനും ഡിജെ പാർട്ടി വയ്‌ക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേട്ട് ആൾക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്യുമ്പോൾ ലഭിക്കുന്നത് പ്രത്യേക അനുഭൂതിയാണെങ്കിലും ഡിജെ പാർട്ടി, 13 കാരന്റെ ജീവെനടുത്ത വാർത്തയാണ് ഭോപ്പാലിൽ നിന്നും വരുന്നത്.
മധ്യപ്രദേശിലെ പ്രാദേശിക ഉത്സവത്തിനിടെയാണ് സംഭവം. ആൾക്കൂട്ടത്തിനൊപ്പം ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേട്ട് നൃത്തം ചെയ്യുന്നതിനിടെ സമർ ബിലോർ എന്ന 13 കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. തിരക്കിനിടയിൽ സമറിനെ മറ്റുള്ളവർ ശ്രദ്ധിക്കാതിരുന്നതാണ് മരണത്തിലേക്ക് വഴിവച്ചത്.
സമറിന് ചെറുപ്പം മുതൽ ഹൃദ്രോഗം ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ശരീരത്തിന് പെട്ടന്ന് ഉയർന്ന ശബ്ദം താങ്ങാൻ സാധിക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതാണ് മരണത്തിനിടയാക്കിയതെന്നും ഹൃദ്രോഗമുള്ളവർ ഇത്തരം ഡിജെ പാർട്ടികളിൽ പങ്കെടുക്കരുതെന്നും ഡോക്ടർമാർ പറയുന്നു.
സംഭവത്തെ തുടർന്ന് 40- 50 ഡെസിബെലിൽ കൂടുതലുള്ള സ്പീക്കറുകൾ വയ്‌ക്കരുതെന്ന് സർക്കാർ കർശന നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടാൽ സംഘാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ താക്കീത് നൽകി.