വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് ചുവന്ന പരവതാനി വിരിച്ചുനൽകിയായിരുന്നു പാകിസ്താൻ വളിച്ചുവരുത്തിയത്. എന്നാൽ പാക് പൗരന്മാരെ പോലും വെറുപ്പിച്ച് വീണ്ടും എയറിലായിരിക്കുകയാണ് സാക്കിർ നായിക്. ഇസ്ലാമിക മതപ്രഭാഷകനെ കാണാനും കേൾക്കാനുമായി എത്തിച്ചേർന്ന പെൺകുട്ടികൾക്കും ജനക്കൂട്ടത്തിനും ദഹിക്കുന്ന പ്രവൃത്തികളായിരുന്നില്ല സാക്കിർ നായിക് നടത്തിയത് എന്നതുകൊണ്ടുതന്നെ പാകിസ്താനികളുടെ വിദ്വേഷവും സാക്കിർ നായിക് പിടിച്ചുപറ്റി. ഇന്ത്യ എന്തുകാരണത്താൽ സാക്കിർ നായിക്കിനെ അടുപ്പിക്കുന്നില്ലെന്നതും ഇതേ സാഹചര്യത്തിൽ ചർച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ പരാമർശം പാക് ജേർണലിസ്റ്റായ മുബഷീർ ലുക്മാൻ നടത്തിയിരിക്കുന്നത്.
”ഇന്ത്യയുടെ ഏറ്റവും മോശം എക്സ്പോർട്ടാണ് സാക്കിർ നായിക്” എന്നാണ് പാക് ജേർണലിസ്റ്റിന്റെ വാക്കുകൾ. ഇന്ത്യാ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. സാധാരണയായി വിദേശ രാജ്യങ്ങളിലെ ഉന്നത വ്യക്തികൾക്കും നേതാക്കന്മാർക്കും നൽകുന്ന “state guest” പദവി നൽകി സാക്കിർ നായിക്കിനെ ക്ഷണിച്ച ഇസ്ലാമാബാദിന്റെ നീക്കത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
“മുസ്ലീം പണ്ഡിതന്മാരെയും മറ്റ് പ്രഭാഷകരെയും കേൾക്കാറുള്ള വ്യക്തിയാണ് ഞാൻ. അവർ പൊതുവെ സ്നേഹവും ഐക്യവുമാണ് പങ്കുവയ്‌ക്കാറുള്ളത്. പക്ഷെ എപ്പോഴൊക്കെ സാക്കിർ നായിക്കിനെ ഞാൻ ശ്രവിച്ചുവോ അപ്പോഴെല്ലാം അയാൾ വിദ്വേഷം വിതറുകയാണെന്നാണ് തോന്നിയത്. അയാൾ ചെറിയ കുട്ടിയായിരുന്നപ്പോൾ ആരോ എന്തോ മോശം അയാളിൽ ചെയ്തിട്ടുണ്ടാകണം. അതാണ് ഇപ്പോൾ പുറത്തുവരുന്നത്. സാക്കിർ നായിക്കിനെ പോലെയുള്ളവരെ പൊതുപ്രഭാഷണം നടത്താൻ അനുവദിക്കരുത്.”- മുബഷീർ ലുക്മാൻ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു സാക്കിർ നായിക് പാകിസ്താന്റെ പ്രത്യേക അതിഥിയായി ഇസ്ലാമാബാദിൽ എത്തിയത്. ഒക്ടോബർ 28 വരെ ഇയാൾ പാകിസ്താനിൽ ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ഒരാൾക്ക് പാകിസ്താൻ ഉന്നതതല സ്വീകരണം നൽകിയതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അത് നിരാശാജനകവും അപലപനീയവുമാണെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. മുംബൈയിൽ ജനിച്ച സാക്കിർ നായിക് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് മലേഷ്യയിലാണ് ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. വിവാദ മതപ്രഭാഷകന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ഇന്ത്യയിൽ നിരോധിച്ചതുമാണ്.















