ഈ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയായിട്ടാണ് ഷാരൂഖ് ഖാനെ ആരാധകർ കണക്കാക്കാറുള്ളത്. ഈ വിശ്വാസം ശരിവയ്‌ക്കുകയാണ് ശാസ്ത്രീയമായി നടത്തിയ പഠന റിപ്പോർട്ട്. ഷാരൂഖ് ഖാന്റേത് ഏറ്റവും കൃത്യതയാർന്ന മുഖമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്മെറ്റിക് സർജൻ ഡോ. ജൂലിയൻ ഡി സിൽവ വികസിപ്പിച്ച ഫെയ്സ് മാപ്പിംഗ് സോഫ്റ്റ് വെയറാണ് ഷാരൂഖിന്റെ സൗന്ദര്യം വിലയിരുത്തിയത്. മുഖത്തിന്റെ ആകൃതി എത്രമാത്രം കൃത്യമാണെന്ന് അളക്കുന്ന (‘facial perfection’ ) സോഫ്റ്റ് വെയറാണിത്. ഇതുപ്രകാരം ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പത്ത് ആണുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരാളാണ് ഇന്ത്യയുടെ സ്വന്തം ഷാരൂഖ് ഖാൻ.
ഗ്രീക്ക് വംശജർ പണ്ടുകാലത്ത് അവതരിപ്പിച്ച ഒരു ഗണിതശാസ്ത്ര ആശയമാണ് ഗോൾഡൻ റേഷ്യോ അഥവ സുവർണ അനുപാതം (Golden Ratio) എന്നത്. സൗന്ദര്യത്തെ അളക്കാൻ വേണ്ടിയാണ് ഈ അനുപാതം ഉപയോഗിക്കുന്നത്. ഗ്രീക്കുകാരുടെ ഈ Golden Ratio-യെ അടിസ്ഥാനമാക്കിയാണ് യുകെയിലെ കോസ്മെറ്റിക് സർജൻ വികസിപ്പിച്ച സോഫ്റ്റ് വെയറിന്റെ പ്രവർത്തനം.
ഒരു വ്യക്തിയുടെ കണ്ണുകൾ, പുരികങ്ങൾ, താടി, ചുണ്ടുകൾ, മൂക്ക്, താടിയെല്ല്, മുഖത്തിന്റെ ആകൃതി എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ഒരു വ്യക്തിയുടെ മുഖം എത്രമാത്രം കൃത്യമാണെന്ന് ഗോൾഡൻ റേഷ്യോ മുഖേന നിശ്ചയിക്കുന്നത്. ഷാരൂഖ് ഖാന് ഇത്രപ്രായമായിട്ടും മുഖത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ അദ്ദേഹത്തിന്റെ ചുണ്ടുകളും താടിയും ഏറ്റവുമധികം പോയിന്റ് സ്വന്തമാക്കി. അങ്ങനെയാണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ആണുങ്ങളുടെ പട്ടികയിൽ ഷാരൂഖ് ഇടം പിടിച്ചത്. പത്ത് പേരടങ്ങുന്ന ലിസ്റ്റിൽ പത്താമതാണ് നടന്റെ സ്ഥാനം. അദ്ദേഹത്തിന്റെ മൂക്കിന്റെ ആകൃതിയിലാണ് മാർക്ക് കുറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ ആരാണ് ഒന്നാം സ്ഥാനത്ത്? പട്ടികയിൽ ഇടംപിടിച്ച പത്ത് പേരും അവരുടെ മാർക്കും ഇതാ..
ആരോൺ ടെയ്‌ലർ-ജോൺസൺ (Aaron Taylor-Johnson) – 93.04%
ലൂസിയൻ ലാവിസ്‌കൗണ്ട് (Lucien Laviscount) – 92.41%
പോൾ മെസ്കൽ (Paul Mescal) – 92.38%
റോബർട്ട് പാറ്റിസൺ (Robert Pattison)- 92.15%
ജാക്ക് ലോഡൻ (Jack Lowden)- 90.33%
ജോർജ്ജ് ക്ലൂണി (George Clooney) – 89.9%
നിക്കോളാസ് ഹോൾട്ട് (Nicholas Hoult) – 89.84%
ചാൾസ് മെൽട്ടൺ (Charles Melton) – 88.46%
ഇദ്രിസ് എൽബ (Idris Elba) – 87.94%
ഷാരൂഖ് ഖാൻ (Shah Rukh Khan) – 86.76%
എന്നാൽ ഷാരൂഖിനെ പിന്തള്ളിയ മറ്റ് ഒമ്പത് പേരെയും ഗൂഗിൾ സെർച്ചിലൂടെ കണ്ടുപിടിച്ച ആരാധകർ ഈ പഠന റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇവരെക്കാളും എന്തുകൊണ്ടും മികച്ചത് നമ്മുടെ ഖാൻ തന്നെയാണെന്നാണ് പൊതുവിലുള്ള അഭിപ്രായം..















