ടെൽ അവീവ്: ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഇസ്രായേലിന്റെ പ്രത്യേക ഓപ്പറേഷനിൽ ഇയാൾ കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്റലിജൻസ് ഏജൻസികൾ വിവരം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ഐഡിഎഫ് അറിയിച്ചു. ഹമാസ് തലവന്റെ മരണം ഉറപ്പാക്കാൻ ഡിഎൻഎ പരിശോധനകളടക്കം ഇസ്രായേൽ ആരംഭിച്ചുവെന്നാണ് വിവരം. 1,200 ഇസ്രായേലികളുടെ ജീവനെടുത്ത ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ആസൂത്രകനാണ് യഹിയ സിൻവർ.
ഗാസ മുനമ്പിൽ നടന്ന ഐഡിഎഫ് ഓപ്പറേഷനിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ ഒരാൾ യഹിയ ആണെന്നാണ് ഐഡിഎഫിന് ലഭിക്കുന്ന സൂചന. വധിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങൾ വിശദമായ പരിശോധനയ്‌ക്കായി ഐഡിഎഫ് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. യഹിയ കൊല്ലപ്പെട്ടതായി വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ഹമാസും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിഎൻഎ പരാശോധനാഫലം വന്നാലുടൻ ഇക്കാര്യത്തിൽ ഇസ്രായേൽ ഔദ്യോഗിക വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.















