തിരുവനന്തപുരം: മലയാളിയുടെ സാമ്പാർ പെരുമ പ്രശസ്തമാണ്. ആ രുചി പെരുമയെ കുറിച്ച് വാചാലനായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. കേരളത്തിലെ സാമ്പാറിന്റെ രുചി അറിഞ്ഞാൽ പഞ്ചാബികൾ ദാൽകറി വിട്ട് സാമ്പറിന് പിന്നാലെ പോയെന്നുവരാമെന്ന് അദ്ദേഹം പറഞ്ഞു. രുചി വൈവിധ്യത്താൽ സമ്പന്നമാണ് കേരളം. രുചിക്കൂട് നിറയ്‌ക്കുന്ന ചെറുസംരംഭങ്ങളെ ലോകത്തിന്റെ വിവിധ കോണുകളിലെത്തിക്കണമെന്നും രുചിവൈവിധ്യത്തിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച പട്ടികജാതി-പട്ടികവർഗ കർഷക, കരകൗശല വിദഗ്ധരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ പട്ടികജാതി-പട്ടികവർഗ വിഭാഗം വിവിധ ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കുന്ന വീഡിയോ കണ്ട ശേഷമായിരുന്നു അദ്ദേഹം രുചിവൈവിധ്യത്തെ കുറിച്ച് സംസാരിച്ചത്.
ഏത്തയ്‌ക്ക ചിപ്സും ശർക്കരവരട്ടിയും കിഴങ്ങുവർഗ വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന വീഡിയോ കൗതുകത്തോടെയാണ് കേന്ദ്രമന്ത്രി വീക്ഷിച്ചത്. രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ഡോ. ചന്ദ്രദാസ് നാരായണ ആറന്മുള കണ്ണാടിയും സമ്മാനമായി നൽകി.