‘ഹമാസ് പോരാളി’കളെന്ന് സൈബറിടം കൊട്ടിഘോഷിക്കുന്ന ഭീകരരിൽ പലരും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞു. ഇസ്രായേൽ സൈന്യം എല്ലാവരെയും ചാരമാക്കുകയാണ്. ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ വിജയം കാണുകയാണ്. ഏറ്റവുമൊടുവിലായി ഹമാസ് തലവൻ യഹിയ സിൻവറിനെയാണ് സൈന്യം വകവരുത്തിയത്.
ഇസ്രായേലിന്റെ ചാരക്കണ്ണുകൾ വെട്ടിച്ച് ഒരു വർഷത്തോളമാണ് സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്. ഒക്ടോബർ 7 ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചതും പദ്ധതി ആസൂത്രണം ചെയ്തതും സിൻവറായിരുന്നു. നേതൃനിര ശൂന്യമായതോടെ ഹമാസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്നലെ തെക്കൻ ഗാസയിൽ നടന്ന ഓപ്പറേഷനിലായിരുന്നു സിൻവറിന്റെ ജീവൻ പൊലിഞ്ഞത്. ഇസ്രായേൽ തടവിലായിരുന്ന കാലത്ത് ശേഖരിച്ച് ഡിഎൻഎ സാമ്പിൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിൻവറാണെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചത്.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിലും ബന്ദികളെ മോചിപ്പിക്കുന്നതിലും വിലങ്ങുതടിയായിരുന്നു യഹിയ. സിൻവറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടൻ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേൽ. ഹമാസിന്റെ ഉന്നത നേതൃനിരയിലെ ഭീകരരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലും ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ എന്ന നിലയിലും യഹിയ സിൻവറിന്റെ വധം ചർച്ചാ വിഷയമാണ്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് അഭയാർത്ഥി ക്യാമ്പിൽ 1962-ലാണ് യഹിയ സിൻവറുടെ ജനനം. 1948-ൽ ഇസ്രായേൽ രൂപീകൃതമായപ്പോൾ അഷ്കെലോൺ ആയി തീർന്ന മജ്ദൽ അസ്കലമിൽ നിന്നുള്ളവരാണ് സിൻവറിന്റെ മാതാപിതാക്കൾ. അറബ് ലോകത്ത് ശ്രദ്ധേയമായ ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദർഹുഡിൽ സജീവമായിരുന്നു സിൻവർ. 80-കളുടെ തുടക്കത്തിലായിരുന്നു ഇത്. പിന്നീട് ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരിക്കെ ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു.
ഹമാസിന്റെ ആഭ്യന്തര സുരക്ഷാ സേനയായ അൽ മജ്ദ് സ്ഥാപിച്ചത് യഹിയ സിൻവറിന്റെ നേതൃത്വത്തിലായിരുന്നു. ആന്തരിക സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, ഇസ്രായേലി ഏജൻ്റുമാരെയും പാലസ്തീൻ സഹകാരികളെയും ക്രൂരമായി ഉന്മൂലനം ചെയ്യുന്നതിനും, ഇസ്രായേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും സുരക്ഷാ സേവന ഉദ്യോഗസ്ഥരെയും കണ്ടെത്തുന്നതിനും ചുക്കാൻ പിടിക്കുന്നത് അൽ മജ്ദ് ആണ്. ഒക്ടോബർ 7 ഭീകരാക്രമണം നടത്തിയ അൽ-ഖസ്സാം ബ്രിഗേഡസ് എന്ന സൈനിക വിഭാഗം രൂപീകരിച്ചതും യഹിയ ആയിരുന്നു.
1988-ൽ രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും ഇസ്രായേലുമായി സഹകരിക്കുന്ന പാലസ്തീനികളെ കൊലപ്പെടുത്തിയതിനും സിൻവറിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. നീണ്ട 22 വർഷമാണ് സിൻവർ ഇസ്രായേൽ ജയിലിൽ കഴിഞ്ഞത്. തുടർന്ന് 2011-ൽ തടവുകരാരുടെ കൈമാറ്റത്തിലൂടെയാണ് മോചിതനാകുന്നത്.
ജയിൽവാസത്തിനിടെ ഹീബ്രുവിൽ പരിജ്ഞാനം നേടി. ഇസ്രായേൽ നേതാക്കളുടെ മനസ് പഠിക്കാൻ ഹീബ്രു പഠനം സഹായിച്ചെന്ന് ഒരിക്കൽ സിൻവർ വെളിപ്പെടുത്തിയിരുന്നു. 2017-ൽ ഗാസയിൽ ഹമാസിന്റെ നേതാവായി, ഇസ്മായിൽ ഹനിയയുടെ പിൻഗാമിയായി അവരോധിക്കപ്പെട്ടു. കഴിഞ്ഞ മാസം ഹനിയ കൊല്ലപ്പെട്ടതോടെ ആ സ്ഥാനം യഹിയയ്‌ക്ക് കൈവന്നു. 2022 ഡിസംബർ മുതലുള്ള ആസൂത്രണത്തിനൊടുവിലാണ് ഇസ്രായേലിൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 1200 പേരുടെ മരണത്തിനും 150-ലധികം പേരെ ബന്ദികളാക്കിയതിന് പിന്നിലെ കിരതനെയാണ് ഇസ്രായേൽ വകവരുത്തിയിരിക്കുന്നത്.