ന്യൂഡൽഹി: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. അഞ്ച് കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയി സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കുമെന്നും, പണം നൽകിയില്ലെങ്കിൽ ബിഷ്‌ണോയി സംഘം അടുത്തിടെ കൊലപ്പെടുത്തിയ ബാബ സിദ്ദിഖിയുടെ ഗതി തന്നെ സൽമാനും വരുമെന്നാണ് മുന്നറിയിപ്പ്. മുംബൈ ട്രാഫിക് പൊലീസിനാണ് വാട്‌സ്ആപ്പ് മുഖേന ഭീഷണി സന്ദേശം ലഭിച്ചത്.
” ഈ സന്ദേശത്തെ നിസാരമാക്കി തള്ളിക്കളയരുത്. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും, സൽമാൻ ഖാൻ ജീവിച്ചിരിക്കാനും അഞ്ച് കോടി രൂപ നൽകണം. തുക നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അവസ്ഥയെക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നാണ്” സന്ദേശത്തിൽ പറയുന്നത്. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും, സൽമാന്റെ ബാന്ദ്രയിലെ വസതിക്ക് ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നേതാക്കളിലൊരാളെ നവി മുംബൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സുഖ്ബീർ ബൽബീർ സിങ് എന്നയാളെ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് പിടികൂടിയത്. സൽമാൻ ഖാനെ വധിക്കാൻ ഇയാൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും, സൽമാനെ ആക്രമിക്കാൻ സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് ഇയാൾ നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാകിസ്താനിൽ നിന്ന് കടത്തിയ എകെ 47, എം 16, എകെ 92 തുടങ്ങിയവ ഉപയോഗിക്കാനാണ് ഇവർ ആലോചിച്ചിരുന്നത്. ഈ വർഷം ഏപ്രിലിൽ സൽമാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ ആക്രമണശ്രമം ഉണ്ടായിരുന്നു. സൽമാനെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയിയും സംഘാംഗങ്ങളുമടക്കം 18 പേർക്കെതിരെ കഴിഞ്ഞ ഏപ്രിൽ 24ന് മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.















