ടെൽഅവീവ്: വ്യോമാക്രമണത്തിൽ യഹിയ സിൻവറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപായി ചിത്രീകരിച്ച ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ തകർന്നു വീഴാറായ ഒരു കെട്ടിടത്തിന്റെ ഉള്ളിൽ യഹിയ സിൻവർ ഇരിക്കുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഒരു ഭാഗം പൂർണമായും തകർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിട്ടാണ് യഹിയ സിൻവറിനെ കാണാനാകുന്നത്.
ഇവിടെ ഒരു സോഫയിൽ യഹിയ സിൻവർ മുഖം പാതി മറിച്ച് ഇരിക്കുന്നതായി കാണാം. ചുറ്റും പൊടി നിറഞ്ഞ് തകർന്നു കിടക്കുന്നതിനിടയിലായിട്ടാണ് ഇയാൾ ഇരിക്കുന്നത്. ഡ്രോൺ വീടിനുള്ളിലേക്ക് പറന്നുകയറി, യഹിയ സിൻവറിന് മുന്നിലായി നിൽക്കുന്നു. അൽപ്പസമയം ഇതിലേക്ക് നോക്കി ഇരുന്നതിന് ശേഷം യഹിയ സിൻവർ ഒരു വടിയെടുത്തെറിയുകയും ചെയ്യുന്നതായി കാണാം.
Raw footage of Yahya Sinwar’s last moments: pic.twitter.com/GJGDlu7bie
— LTC Nadav Shoshani (@LTC_Shoshani) October 17, 2024
ഇന്നലെ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് യഹിയ സിൻവറിനെ വധിക്കുന്നത്. ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ടത് യഹിയ സിൻവർ ആണെന്ന നിഗമനം ഇസ്രായേൽ സൈന്യം പങ്കുവച്ചിരുന്നു. തുടർ പരിശോധനകൾ നടത്തി കൊല്ലപ്പെട്ടത് യഹിയ സിൻവർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയായ യഹിയ സിൻവറിനെ ഇസ്രായേൽ പ്രതിരോധ സേന ഇല്ലാതാക്കിയെന്നാണ് വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് ഉത്തരവാദി സിൻവർ ആയിരുന്നുവെന്നും, നീതിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭീകരനെ സൈന്യം ഇല്ലാതാക്കിയെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
” രാജ്യം കണ്ട ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഉണ്ടായത്. ഗാസയിൽ നിന്നെത്തിയ ഹമാസ് ഭീകരർ സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുകയും, വീടുകളിൽ അതിക്രമിച്ച് കയറി അവരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും, ആളുകളെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ 250ഓളം പേരെയാണ് അവർ ബന്ദികളാക്കിയത്. 101 പേർ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. ഇസ്രായേലിന്റെ പോരാട്ടം ഹമാസിനോടാണ്. അതൊരിക്കലും ഗാസയിലെ ജനങ്ങളോടല്ല. ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കായി ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള മാനുഷിക സഹായത്തിന്റെ അളവ് വർദ്ധിപ്പിക്കും. ഈ പോരാട്ടത്തിൽ ഇസ്രായേൽ ജനതയ്‌ക്ക് വേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരമർപ്പിക്കുകയാണെന്നും” ഹഗാരി പറഞ്ഞു.















