പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എംഎൽഎ സീറ്റിന് പരിഗണിക്കപ്പെടാത്തതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ ഡോ. പി. സരിൻ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. എന്നാൽ പാർട്ടി ചിഹ്നം കൊടുക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം കൈക്കൊണ്ടത്.
സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുവൈകിട്ട് ഔദ്യോഗികമായി സിപിഎം നടത്തുമെന്നാണ് വിവരം. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സരിനെ ചുവന്ന ഷാളണിയിച്ചാണ് മുൻ മന്ത്രി എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ വരവേറ്റത്. സിന്ദാബാദ് വിളികളോടെ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് സരിനെ സ്വീകരിച്ചു.
എല്ലാ അർത്ഥത്തിലും ഇടതുപക്ഷത്തിന്റെ ശബ്ദമായി ഇനിയുണ്ടാകുമെന്ന് സരിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിൽ ഡീലുകൾ നടക്കുന്നുണ്ടെന്നും ബിജെപിക്ക് വോട്ടുകൾ മറിക്കുന്നത് കോൺഗ്രസുകാരാണെന്നും സരിൻ ആവർത്തിച്ചു. സിപിഎം-ബിജെപി ബാന്ധവം നിലനിൽക്കുന്നില്ല. ഇല്ലാത്ത ബാന്ധവത്തെക്കുറിച്ച് പറഞ്ഞ് കോൺഗ്രസുകാർ തടിതപ്പുകയാണെന്നും സരിൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച വരെ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് നേതൃത്വത്തേയും നഖശിഖാന്തം വിമർശിച്ച സരിന് ഇടത് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ സിപിഎമ്മിലെ ഒരുവിഭാഗം അണികൾക്ക് വിയോജിപ്പുണ്ടെന്നും വിവരമുണ്ട്.