പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് കത്തയച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. മരണത്തിൽ ഖേദം രേഖപ്പെടുത്തിയ കത്ത് പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തി കുടുംബത്തിന് കൈമാറുകയായിരുന്നു. ഇന്ന് രാവിലെയാണ് മുദ്രവച്ച കവറിലുള്ള കത്ത് പത്തനംതിട്ട സബ്കളക്ടറുടെ കയ്യിൽ കൊടുത്തുവിട്ടത്. കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണൂർ കളക്ടറും കൂടെയുണ്ടായിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് കുടുംബത്തെ കാണാൻ കൂട്ടാക്കാതെ മടങ്ങിപോയിരുന്നു.
പത്തനംതിട്ടയിലെ റവന്യു ജീവനക്കാരടക്കം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറോട് അതൃപ്തി അറിയിച്ചിരുന്നു. സംസ്കാരത്തിന് ശേഷം കണ്ണൂരിലേക്ക് മടങ്ങിപോവുകയായിരുന്നു. തുടർന്നാണ് കുടുംബത്തിന് ഖേദം രേഖപ്പെടുത്തി കത്ത് കൊടുത്തുവിടുന്നത്. ഭാര്യയുടെ കയ്യിലാണ് കത്ത് എത്തിച്ച് നൽകിയത്. ഭാര്യയെയും മക്കളെയും അഭിസംബോധന ചെയ്താണ് കത്ത്. ഉണ്ടായ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഉള്ളടക്കം.
നവീൻ ബാബു സത്യസന്ധനും കാര്യക്ഷമതയും ഉത്തരവാദിത്ത നിർവഹണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഉദ്യോഗസ്ഥനും ആയിരുന്നുവെന്നാണ് കത്തിൽ കളക്ടർ പറയുന്നത്. യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബുവിനെ അപമാനിച്ച് പി.പി ദിവ്യ സംസാരിച്ചപ്പോൾ ഇടപെടലുകൾ നടത്താതെ നിശബ്ദനായി ആസ്വദിച്ച കളക്ടർക്കെതിരെ അതിരൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് കത്ത്.
പ്രതിഷേധം ഭയന്ന് കളക്ടർ അരുൺ വിജയൻ കണ്ണൂർ കളക്ടറേറ്റിലെ ഓഫീസിലേക്കും എത്തിയിട്ടില്ലെന്നാണ് വിവരം. സ്റ്റാഫ് കൗൺസിലടക്കം കളക്ടർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പൊതുപരിപാടികൾ അടക്കം വെട്ടിച്ചുരുക്കി നിലവിൽ ക്യാമ്പ് ഓഫീസിലാണ് കഴിയുന്നത്.
അതേസമയം എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് വിവാദ യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെയെല്ലാം മൊഴിയെടുക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ പൊലീസ് സ്റ്റേഷൻ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ആണ് മൊഴിയെടുക്കുന്നത്. എഡിഎമ്മിന്റെ ഓഫിസിൽ വച്ചാണ് മൊഴിയെടുപ്പ് നടക്കുന്നത്.