ന്യൂഡൽഹി: 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 22-ന് റഷ്യയിലേക്ക് തിരിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്. സന്ദർശനത്തിന്റെ ഭാഗമായി പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
വ്ളാഡിമർ പുടിന്റെ അദ്ധ്യക്ഷതയിൽ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. വ്ളാഡിമർ പുടിനെ കൂടാതെ മറ്റ് നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ലോകരാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബ്രിക്സ് ഉച്ചകോടിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ പുരോഗതികൾ നേതാക്കൾ വിലയിരുത്തും. കൂടാതെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായുള്ള വിവിധ വശങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും.
പ്രധാനമന്ത്രിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യൻ സന്ദർശനമാണിത്. ജൂലൈയിൽ, 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി റഷ്യയിലെത്തിയിരുന്നു.
ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുടിൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പുടിൻ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചത്. റഷ്യയിലെ സെൻട്രൽ പീറ്റേഴ്‌സ്ബർഗിലെ കോൺസ്റ്റൺടൈൻ കൊട്ടാരത്തിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.















