പൊലിപ്പിച്ച് പറയാറുള്ള സിനിമകൾ പലപ്പോഴും പരാജയപ്പെടാറുണ്ടെന്ന് നടനും നിർമാതാവുമായി ആന്റണി പെരുമ്പാവൂർ. ചില സിനിമകളുടെ കഥകൾ കേൾക്കുമ്പോൾ തന്നെ അത് ഹിറ്റാകുമെന്ന് മനസിലാകുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ വിശേഷങ്ങൾ പങ്കുവക്കുകയായിരുന്നു അദ്ദേഹം.
“ഒരാൾ സിനിമ പറയുമ്പോൾ അതിലെ ഓരോ സീനും ഞാൻ ഭാവനയിൽ കാണാറുണ്ട്. ചില കഥകൾ സിനിമയായി വന്നാൽ അത് ഹിറ്റാകുമെന്ന് കേൾക്കുമ്പോൾ തന്നെ ഉറപ്പാണ്. സിനിമ പുറത്തുവന്നാൽ പ്രേക്ഷകർ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതിനെ കുറിച്ചും ചിന്തിക്കാറുണ്ട്. പ്രേക്ഷക പ്രതികരണങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ പല സീനുകളും പൊളിച്ചെഴുതേണ്ടി വരും”.
ചില സിനിമകളിൽ എന്റെ കാഴ്ചപ്പാടുകൾ തെറ്റായി വന്നിട്ടുണ്ട്. പൊലിപ്പിച്ച് പറഞ്ഞ കഥയൊക്കെ സിനിമയായി വന്നപ്പോൾ പരജായപ്പെട്ടിട്ടുണ്ട്. ലൂസിഫറിന്റെ കഥ കേൾക്കുമ്പോൾ എന്റെ ഭാവനയിൽ പലതും ഉണ്ടായിരുന്നു. പക്ഷേ, അതിനേക്കാൾ എത്രയോ മുകളിലാണ് പൃഥ്വിരാജ് ചിത്രം ഒരുക്കിയത്. തന്റെ എല്ലാ സംശയങ്ങൾക്കും കൃത്യമായ ഉത്തരമാണ് പൃഥ്വി നൽകിയതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.















