തിരുവനന്തപുരം: പി പി ദിവ്യയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് ബിജെപി നേതാവ് പി സി ജോർജ്. ഇത്തരം നിലപാടുമായി സിപിഎം മുന്നോട്ടു പോകുകയാണെങ്കിൽ കേരളത്തിൽ കമ്യൂണിസത്തിന് ജനങ്ങൾ അന്ത്യം കുറിക്കുമെന്നും ബംഗാളിലെ ഗതിയായിരിക്കും സിപിഎമ്മിന് വരാൻ പോകുന്നതെന്നും പി സി ജോർജ് പറഞ്ഞു. നവീൻ ബാബു മരണപ്പെട്ടതിന് പിന്നാലെയും പി പി ദിവ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” കുറ്റം ന്യായീകരിക്കാൻ എന്തും പറയാം എന്നാണ് പി പി ദിവ്യ വിചാരിക്കുന്നത്. കളക്ടർമാർക്കോ, പ്രദേശവാസികൾക്കോ ഒരു കുറ്റവും പറയാനില്ലാത്ത ആളായിരുന്നു നവീൻ ബാബു. എന്നാൽ കള്ളത്തരങ്ങൾ മാത്രം പറഞ്ഞ് മുന്നോട്ടു പോകാനാണ് ദിവ്യ ശ്രമിക്കുന്നത്. രാജിയിൽ തീരാവുന്ന പ്രശ്‌നങ്ങളല്ല ഇതിലുള്ളത്. പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെങ്കിൽ കേരളത്തിലെ കമ്യൂണിസം ഇതോടെ അവസാനിക്കുമെന്ന് പിണറായി വിജയനും ഗോവിന്ദനും ഓർക്കണം.”- പി സി ജോർജ് പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. എന്നാൽ നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയാണ് ദിവ്യ സമർപ്പിച്ചത്.
ഫയൽ നീക്കം വൈകിപ്പിക്കുന്നതായുള്ള പരാതികൾ നവീൻ ബാബുവിനെതിരെ ലഭിച്ചിരുന്നു. പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്നയാളും പരാതി നൽകിയിരുന്നുവെന്ന് ദിവ്യ പറയുന്നു. യാത്രയയപ്പ് ചടങ്ങിലെ പ്രസംഗവും തെളിവായി ഹാജരാക്കിയിട്ടുണ്ട്.















