കോഴിക്കോട്: വ്യാജ സ്വർണം വിറ്റ് പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. ബാലുശേരി സ്വദേശി കൈലാസ് (25) ആണ് പിടിയിലായത്. സംഭവത്തിൽ മുഖ്യ സൂത്രധാരനായ ഇയാളുടെ സുഹൃത്ത് ആകാശിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 27-നാണ് കേസിനാസ്പദമായ സംഭവം. രണ്ട് പവൻ തൂക്കം വരുന്ന വ്യാജ സ്വർണം നൽകി 1 ലക്ഷം രൂപയാണ് ഇവർ തട്ടിയത്. പോരമ്പ്രയിലെ ജ്വല്ലറിയിലായിരുന്നു സംഭവം. ജീവനക്കാർ ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണമെന്ന് കാണിച്ചിരുന്നു. ഇതുപ്രകാരമാണ് യുവാക്കൾക്ക് പണം നൽകിയതെന്ന് ജ്വല്ലറി ജീവനക്കാർ പറഞ്ഞു.
വളയിൽ 916 എന്നും എഴുതിയിരുന്നു. എന്നാൽ പിന്നീട് സംശയം തോന്നിയതോടെ ഇത് ഉരുക്കി നോക്കുകയായിരുന്നു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസിലായതെന്ന് ജീവക്കാർ പറഞ്ഞു. തുടർന്ന് ജ്വല്ലറി ഉടമ പൊലീസിൽ പരാതിപ്പെട്ടു. പേരാമ്പ്ര ഡിവൈ എസ്പി, വി വി ലതീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൈലാസ് പിടിയിലാവുകയായിരുന്നു.















