വരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങളുടെ ആകാംക്ഷയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA). നാസയുടെ LunaRecycle Challengeന്റെ ഭാഗമായി ചലഞ്ച് ഏറ്റെടുത്ത് ഉത്തരം നൽകുന്നവർക്ക് 25 കോടി രൂപയാണ് സമ്മാനം ലഭിക്കുക. സമ്മാനത്തുക നേടാൻ ചെയ്യേണ്ടത് ഇത്രമാത്രം..
ദീർഘകാല ചാന്ദ്രദൗത്യത്തിന് പുറപ്പെടുമ്പോൾ ക്രൂ അംഗങ്ങൾ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളും മറ്റ് മാലിന്യങ്ങളും റീസൈക്കിൾ ചെയ്യാൻ ഫലപ്രദമായ മാർഗം നിർദേശിക്കുകയാണ് വേണ്ടത്. ഇത് നാസയെ അറിയിക്കുന്നവർക്കാണ് സമ്മാനം. മാലിന്യങ്ങളെ പുറന്തള്ളുന്നതിന് പകരം പുനരുപയോഗിക്കാനുള്ള ഏറ്റവും മികച്ച മാർഗം കണ്ടെത്തി നിർദേശിക്കുന്നവർക്ക് തുക ലഭിക്കുന്നതാണ്.
സെപ്റ്റംബർ 2026ൽ നടത്താനിരിക്കുന്ന ചാന്ദ്രദൗത്യത്തിന് വേണ്ടിയാണ് നാസയുടെ മുന്നൊരുക്കങ്ങൾ. ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി 50 വർഷം പിന്നിടുന്ന വേളയിലാണ് നാസയുടെ പുതിയ ചാന്ദ്രദൗത്യം നടക്കുക. ചന്ദ്രോപരിതലത്തിൽ സുസ്ഥിരമായ മനുഷ്യസാന്നിധ്യം സാധ്യമോയെന്ന് കണ്ടെത്തുകയാണ് നാസയുടെ ലക്ഷ്യം. ചന്ദ്രനിൽ വീണ്ടും മനുഷ്യൻ കാലുകുത്തുമെന്ന് മാത്രമല്ല, ബഹിരാകാശ പര്യവേഷണത്തിൽ സുസ്ഥിരത എത്രമാത്രം സാധ്യമാകുമെന്ന് എടുത്തുകാണിക്കുന്നതായിരിക്കും 2026ലെ ദൗത്യം.
ചന്ദ്രനിൽ ദിവസങ്ങളോളം ചെലവഴിക്കേണ്ടി വരുന്നതിനാൽ ഫലവത്തായ മാലിന്യനിർമാർജന, സംസ്കരണ മാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ചരിത്രത്തിലിടം നേടിയ അപ്പോള ദൗത്യത്തിൽ അടക്കം മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളുമടങ്ങുന്ന 96 ബാഗുകൾ ചന്ദ്രോപരിതലത്തിൽ ഉപേക്ഷിച്ചാണ് ദൗത്യസംഘം മടങ്ങിയത്. ഈ സാഹചര്യത്തിലാണ് അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകി പുതുവഴികൾ തേടാനുള്ള തീരുമാനം. പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഏറ്റവും മികച്ച ആശയങ്ങൾ ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.
LunaRecycle Challenge-ൽ രണ്ട് ട്രാക്കുകളാണ് ഉള്ളത്. Prototype Build Track, Digital Twin Track എന്നിവയാണത്.
ചന്ദ്രോപരിതലത്തിൽ രൂപപ്പെടുന്ന ഖരമാലിന്യങ്ങളുടെ പുനരുപയോഗത്തിനായി ഹാർഡ്വെയർ സംവിധാനങ്ങൾ രൂപകൽപന ചെയ്യുക എന്നതാണ് ആദ്യത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾ ചെയ്യേണ്ടത്. രണ്ടാമത്തെ ട്രാക്ക് തെരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾ ചന്ദ്രോപരിതലത്തിൽ റീസൈക്ലിംഗ് സിസ്റ്റം നടത്തുന്നതിന്റെ സമ്പൂർണ വെർച്വൽ റെപ്ലിക്ക തയ്യാറാക്കണം.
ഒന്നുകിൽ രണ്ട് ട്രാക്കുകളിലും മത്സരിക്കാം. അല്ലെങ്കിൽ ഇഷ്ടമുള്ള ട്രാക്ക് തെരഞ്ഞെടുക്കാം. അപ്പോൾ ബുദ്ധിയുള്ളവർ നാസയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി നിങ്ങളുടെ നിർദേശങ്ങൾ പങ്കുവച്ചോളൂ.















