സിംഗപ്പൂർ: സിംഗപ്പൂരിൽ പബ്ലിക് ഹൗസിങ് എസ്റ്റേറ്റിലെ അമുസ്ലീങ്ങളെ കൊല്ലാൻ പദ്ധതിയിട്ട 17 കാരൻ അറസ്റ്റിലായി. ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് (ഐഎസ്എ) പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തതായി സിംഗപ്പൂർ ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ (ISIS) ആശയങ്ങളിൽ സ്വയം ആകൃഷ്ടനായ കൗമാരക്കാരനാണ് ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. ആക്രമണത്തിന് ആഴ്‌ചകൾക്ക് മുൻപാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അടുക്കളയിലെ കത്തി, കത്രിക എന്നിങ്ങനെയുള്ള വീട്ടുപകരണങ്ങളാണ് ആക്രമണത്തിനുള്ള ആയുധങ്ങളായി പ്രതി സൂക്ഷിച്ചിരുന്നത്.ഷോപ്പിംഗ് മാളുകളും വിനോദ സൗകര്യങ്ങളും ഉൾപ്പെടുന്ന ജനസാന്ദ്രതയുള്ള പ്രദേശമായ ടാമ്പൈൻസ് വെസ്റ്റ് കമ്മ്യൂണിറ്റി സെൻ്ററിന് സമീപമുള്ള സ്ഥലമാണ് ആക്രമണത്തിനായി യുവാവ് തിരഞ്ഞെടുത്തത്. സ്കൂൾ അവധിക്കാലമായതിനാൽ കുട്ടികളും പ്രായമായവരുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ദിവസേന വരുന്നത്.
പൊലീസിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രി കെ ഷൺമുഖം പറഞ്ഞു. അറസ്റ്റിലായ പ്രതിയെ സെപ്റ്റംബറിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.