മോസ്‌കോ: റഷ്യ- യുക്രയ്ൻ സംഘർഘങ്ങൾ പരിഹരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. സംഘർഷങ്ങൾ സമാധാനപരമായി അവസാനിപ്പിക്കാനാണ് റഷ്യയ്‌ക്ക് താത്പര്യമെന്നും ചർച്ചകൾ നിർത്തിയത് യുക്രെയിനാണെന്നും പുടിൻ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” സംഘർഷാവസ്ഥകൾ ചർച്ചകളിലൂടെ സമാധാനപരമായി അവസാനിപ്പിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. എന്നാൽ യുക്രെയ്‌ന്റെ ഭാഗത്ത് നിന്നും ചർച്ചകൾക്ക് തയ്യാറാവുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഓരോ തവണയും അദ്ദേഹം യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കും. അദ്ദേഹത്തിന്റെ പരിഗണനയ്‌ക്കും കരുതലിനും റഷ്യ നന്ദി അറിയിക്കുന്നു.”- വ്‌ളാഡിമർ പുടിൻ പറഞ്ഞു.
ഇന്ത്യൻ സിനിമകൾക്ക് റഷ്യയിൽ വർദ്ധിച്ചു വരുന്ന ജനപ്രീതിയെ കുറിച്ചും പുടിൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നതിനായി റഷ്യയിൽ പ്രത്യേക ടിവി ചാനലുകൾ ഉണ്ടെന്നും ഇന്ത്യൻ ഫിലിം മേക്കേഴ്‌സിനെ പ്രോത്സാഹിപ്പിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്‌സ് പാശ്ചാത്യ വിരുദ്ധമോ, ആർക്കും എതിരായി പ്രവർത്തിക്കുന്നതിനോ ഉദ്ദേശിക്കുന്നില്ല. പാശ്ചാത്യേതര ഗ്രൂപ്പാണ് ബ്രിക്‌സെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന സത്യമാണ്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നിവ ഉൾപ്പെടുന്ന ബ്രിക്സിനെ ആഗോള രാഷ്‌ട്രീയത്തിലും വ്യാപാരത്തിലും സുപ്രധാന ശക്തിയായി മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും പുടിൻ പറഞ്ഞു.















