ടെൽഅവീവ്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യഹിയ സിൻവറിന് പകരമായി പുതിയ നേതാവിനെ തിരഞ്ഞ് ഹമാസ്. യഹിയ സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവർ ഈ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. മൂന്ന് മാസത്തിനിടെ രണ്ട് ഉന്നത നേതാക്കളെയാണ് ഹമാസിന് നഷ്ടമായത്. ഹമാസിന്റെ മുൻ മേധാവി ഇസ്മായിൽ ഹനിയ ഇക്കഴിഞ്ഞ ജൂലൈയിൽ ഇറാനിൽ വച്ചാണ് കൊല്ലപ്പെടുന്നത്. പിന്നാലെയാണ് യഹിയ സിൻവർ സ്ഥാനം ഏറ്റെടുക്കുന്നത്.
49കാരനായ മുഹമ്മദ് സിൻവർ ഹമാസിന്റെ മുഖ്യ കമാൻഡർമാരിൽ ഒരാളാണ്. ഇസ്രായേലിനെതിരെ ഹമാസിന്റെ യുദ്ധം നയിക്കുക എന്നതിന് പുറമെ ഇറാന്റേയും, ഖത്തറിന്റേയും കൂടി താത്പര്യങ്ങൾ പരിഗണിക്കുന്ന വ്യക്തിയെ ആകും നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുഹമ്മദ് സിൻവറിന് പുറമെ ഹമാസിന്റെ രാഷ്‌ട്രീയവിഭാഗം തലവൻ ഖാലിദ് മിശ്അൽ, യഹിയ സിൻവറിന്റെ സഹായി ഖലീൽ അൽ ഹയ്യ, മൂസ അബു മൻസുഖ്, മുഹമ്മദ് അൽ സഹർ എന്നിവരുടെ പേരുകളും ഉയർന്ന് വരുന്നുണ്ട്.
ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായി ഖത്തർ കേന്ദ്രീകരിച്ചാണ് ഖലീൽ അൽ ഹയ്യയുടെ പ്രവർത്തനങ്ങൾ. ദോഹ കേന്ദ്രീകരിച്ച് നടക്കുന്ന വെടിനിർത്തൽ ചർച്ചകൾക്ക് ഖലീൽ ആണ് നേതൃത്വം കൊടുത്തിരുന്നത്. ഭീകരസംഘടനയായിരുന്ന മുസ്ലീം ബ്രദർഹുഡിന്റെ സ്ഥാപകനേതാക്കളിലൊരാളായ മൂസ അബു മുൻസുഖ് ഹമാസിന്റെ നേതൃസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുമായി ബന്ധപ്പെട്ടാണ് ഇയാളുടെ പ്രവർത്തനം. ഉന്നത തീരുമാനമെടുക്കാൻ അധികാരമുള്ള ഷൂറ കൗൺസിലാകും പുതിയ തലവന്റെ പേര് തീരുമാനിക്കുന്നത്. അതേസമയം ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും, ബന്ദികളായവരെ വിട്ടു നൽകില്ലെന്നും ഖലീൽ അൽ ഹയ്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.















