തിരുവനന്തപുരം: പഞ്ചായത്ത് തലത്തിൽ കേന്ദ്രപദ്ധതികൾ ഏറ്റെടുക്കാൻ സഹകരണസംഘങ്ങൾ രൂപീകരിക്കാൻ നിർദ്ദേശിച്ച് കേന്ദ്രം. കാർഷിക, മത്സ്യ, ക്ഷീര മേഖലയിലാണ് സംഘങ്ങൾ തുടങ്ങേണ്ടത്. കേന്ദ്രം തയ്യാറാക്കിയ മാതൃക ബൈലോയ്ക്ക് അനുസൃതമായി തുടങ്ങുന്ന സംഘങ്ങൾക്ക് സാമ്പത്തിക സഹായവും കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നുള്ള ഫണ്ടുകൾ എന്നിവ ഈ സംഘങ്ങൾക്ക് ലഭിക്കും. എന്നാൽ പതിവ് തെറ്റിക്കാതെ കേരളം ഇതിനെ എതിർത്തിട്ടുണ്ട്.
നബാർഡിനാണ് പ്രധാന ചുമതല. അഞ്ച് വർഷത്തിനകം 1,572 സഹകരണസംഘങ്ങൾ രൂപീകരിക്കണം. കാർഷിക വായ്പസംഘങ്ഹളാണ് കേരളത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവർത്തിക്കുന്നത്. കാർഷിക, ക്ഷീര, മത്സ്യ സംഘങ്ങളിലൂടെ കോടികളുടെ ധനസഹായമാണ് കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇവ ഏറ്റെടുക്കാൻ കേരളം ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.
സംസ്ഥാനത്ത് 1,680 കാർഷിക വായ്പസംഘങ്ങൾ അഥവാ പ്രാഥമിക സഹകരണ ബാങ്കുകൾ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. എന്നാൽ 48 പഞ്ചായത്തുകളിൽ സംഘങ്ങളിലൂടെ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാകുന്നില്ല. 58 പഞ്ചായത്തുകൾ പൂട്ടലിന്റെ വക്കിലാണ്. ഇവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി 106 കാർഷിക വായ്പസംഘങ്ങൾ രൂപീകരിക്കണമെന്നാണ് നിർദ്ദേശം. 1,666 വില്ലേജുകളിലായി 3,098 ക്ഷീരസംഘങ്ങൾ കേരളത്തിലുണ്ട്. എന്നാൽ കർഷകർക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കാൻ 1,003 ക്ഷീരസംഘങ്ങൾ കൂടി തുടങ്ങണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.
കർഷകർക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ധാർഷ്ട്യം കാരണം ഇവയെല്ലാം സംസ്ഥാനത്തെ കർഷകർക്ക് നഷ്ടമാവുകയാണ്. കർഷകരുടെ ജീവിത നിലവാരവും കൃഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ പദ്ധതി. കർഷകർക്ക് ബാങ്കിംഗ് സേവനങ്ങളും കേന്ദ്ര പദ്ധതികളുടെ സഹായവും ഇതിലൂടെ ലഭിക്കും. പരിശീലനവും ബിസിനസ് മെച്ചപ്പെടുത്താനുള്ള സാമ്പത്തിക സഹായം, കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിക്കൽ എന്നിവ ലഭിക്കും. എന്നാൽ ഇവയെല്ലാം കർഷകർക്ക് നിഷേധിക്കുകയാണ് പിണറായി സർക്കാർ.