തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി കൃഷ്ണ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്.
പീഡനത്തിന് ശേഷം സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സിനിമാ നിർമാതാവ് എന്ന വ്യാജേനയാണ് യുവാവ് പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇതിനായി ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വ്യാജ പ്രൊഫൈലുകളും തുടങ്ങിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടികളെ പീഡിപ്പിക്കുന്നത്. തുടർന്ന് ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
ഭീഷണി സഹിക്കാൻ വയ്യാതെയാണ് യുവതി പൊലീസിനെ സമീപിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയത്. അഞ്ച് ലക്ഷം രൂപയും എട്ട് പവൻ സ്വർണവും പ്രതി കൈക്കലാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.
കണ്ണൂർ സ്വദേശിനിയായ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചുവരുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. മാസം തോറും നാല്, അഞ്ച് ഫോണുകളും സിമ്മും പ്രതി മാറ്റിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.















