ടെൽഅവീവ്: ഹമാസ് തലവൻ യഹിയ സിൻവറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. തലയിൽ വെടിയേറ്റാണ് സിൻവാർ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ചെൻ കുഗൽ പറഞ്ഞു. മുഖത്തും ശരീരത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്. തലയോട്ടിയുടെ ഒരു ഭാഗവും തകർന്ന നിലയിലാണെന്നും പാത്തോളജിസ്റ്റ് വെളിപ്പെടുത്തി. ഇസ്രായേൽ നാഷണൽ സെൻ്റർ ഓഫ് ഫോറൻസിക് മെഡിസിനിലാണ് പോസ്റ്റുമോർട്ടം നടന്നത്.
61-കാരനായ സിൻവറിനെയും മറ്റ് രണ്ട് പേരെയും ഒക്ടോബർ 16ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഐഡിഎഫ് ചാമ്പലാക്കിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഡിഎൻഎ പരിശോധനയ്‌ക്കായി സൈന്യം ഇയാളുടെ വിരലുകൾ മുറിച്ചുവെന്നും അന്തർദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. 2011വരെ ഇസ്രായേൽ ജയിലിൽ ആയിരുന്നു സിൻവർ. അന്ന് ശേഖരിച്ച് വച്ച മെഡിക്കൽ ഡാറ്റ ഉപയോഗിച്ചാണ് ഐഡിഎഫ് സിൻവറിന്റെ മൃതദേഹം സ്ഥികരിച്ചത്. ആദ്യം പല്ലുകൊണ്ട് തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ലെന്നും കുഗൽ പറഞ്ഞു.
ഇസ്രായേൽ സൈന്യം ഒളിത്താവളത്തിൽ തിരച്ചിൽ നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വീഡിയോയിൽ സിൻവറിന്റെ ഇടതുകൈയുടെ ചൂണ്ടുവിരൽ അപ്രത്യക്ഷമാണ്.