കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ടയെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിപി ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ മാദ്ധ്യമങ്ങൾ സിപിമ്മിനെ വിമർശിക്കാനുള്ള ആയുധമാക്കി ഇത് മാറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സിപിഎമ്മിനെതിരായി ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” നവീൻ ബാബുവിന്റെ മരണം, മാദ്ധ്യമങ്ങൾ സിപിഎമ്മിനെ വിമർശിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ്. നവീന്റെ മരണത്തിൽ സിപിഎം ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ പാർട്ടി പ്രവർത്തകരും പങ്കെടുത്തിരുന്നു. പി പി ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. വിമർശനങ്ങൾ ഉയർന്നപ്പോൾ ദിവ്യയോട് രാജി വയ്‌ക്കാൻ പാർട്ടി ആവശ്യപ്പെട്ടു. കളക്ടറുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.”- പി ജയരാജൻ പറഞ്ഞു.
ദിവ്യക്കെതിരെ കേസെടുക്കുന്നതിൽ പിണറായി സർക്കാർ തടസം നിന്നിട്ടില്ല. എന്നാൽ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇത് സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കാൻ ശ്രമിക്കേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാകളക്ടറുടെ മൊഴിയെടുത്തിരുന്നു. കളക്ടർക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച ഉൾപ്പെടെ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കളക്ടറെ സ്ഥലം മാറ്റമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.















