കൊല്ലം: പറവൂരിൽ MDMA-യുമായി സീരിയൽ നടി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മൂന്ന് മാസമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ നടി വെളിപ്പെടുത്തി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി – 36) ആണ് മയക്കുമരുന്നുമായി പിടിയിലായത്. വിതരണക്കാരനിൽ നിന്ന് എംഡിഎംഎ വാങ്ങി വീട്ടിൽമടങ്ങിയെത്തിയതിന് പിന്നാലെയാണ് നടി അറസ്റ്റിലാകുന്നത്.
കടക്കൽ സ്വദേശി നവാസിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. നടി ഭർത്താവും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന പരവൂരിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്.
3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇത് മേശയ്‌ക്കുള്ളിൽ 6 കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാരുടെയും സമീപവാസികളുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. ഷംനത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് വിതരണക്കാരനായ നവാസിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.















