ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിലുള്ള സൗദി ടിവി ചാനൽ ഓഫീസിന് തീയിട്ട് അക്രമികൾ. MBC ചാനലിനെതിരെയാണ് ആക്രമണം. കഴിഞ്ഞ ദിവസം ഇസ്രായേൽ കൊലപ്പെടുത്തിയ യഹിയ സിൻവറെ ഭീകരനെന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം.
ഇറാൻ അനുകൂല പ്രക്ഷോഭകരാണ് ആക്രമണം നടത്തിയത്. ഏകദേശം അഞ്ഞൂറോളം വരുന്ന അക്രമികൾ ഓഫീസിലേക്ക് ഇരച്ചെത്തുകയും പ്രൊഡക്ഷൻ കമ്പനിയുടെ സ്റ്റുഡിയോ കത്തിക്കുകയുമായിരുന്നു. ചാനലിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം നശിപ്പിച്ചു. കമ്പ്യൂട്ടറുകൾ തകർത്തു. തുടർന്ന് കെട്ടിടത്തിന്റെ ഒരുഭാഗം തീയിടുകയായിരുന്നു.
ഇറാഖി സർക്കാർ എത്രയും വേഗം ചാനൽ പൂട്ടണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് അക്രമികളുടെ ആവശ്യം. കൂടാതെ ചാനലിലെ മാദ്ധ്യമപ്രവർത്തകർ പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയണമെന്നും അക്രമികൾ ആവശ്യപ്പെടുന്നു. നിലവിൽ ചാനൽ കെട്ടിടം കയ്യേറിയ പ്രക്ഷോഭകരെ ഇറാഖി പൊലീസ് പുറത്താക്കി.
ഹമാസ് തലവൻ യഹിയ സിൻവറിനെ കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേൽ കൊലപ്പെടുത്തിയത്. തുടർന്ന് റിപ്പോർട്ട് ചെയ്ത വാർത്തകളാണ് ഇറാഖിലെ ഇറാൻ-അനുകൂല ഗ്രൂപ്പുകളെ വിഷമത്തിലാക്കിയത്. യഹിയയെ ഭീകരൻ എന്ന് വിശേഷിപ്പിച്ചതോടെ പ്രകോപിതരായ ജനങ്ങൾ ചാനൽ തകർക്കുകയായിരുന്നു.