റാഞ്ചി: ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പട്ടികയിൽ 66 പേരാണുള്ളത്. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ സരൈകെല്ല സീറ്റിൽ നിന്ന് മത്സരിക്കും. സംസ്ഥാന അദ്ധ്യക്ഷനായ ബാബുലാൽ മരാന്ദി ധൻവാറിൽ നിന്നാണ് ജനവിധി തേടുക. ജംതാരയിൽ നിന്ന് സീതാ സോറനും വോട്ടുതേടും. ബോറിയോയിൽ നിന്നാണ് ലോബിൻ ഹെംബ്രോം മത്സരിക്കുക.
81 സീറ്റുകളിലെ 68 മണ്ഡലങ്ങളിലും ബിജെപി മത്സരിക്കും. എൻഡിഎയുടെ മറ്റ് സഖ്യകക്ഷികളായ AJSU പത്ത് സീറ്റുകളിലും JD(U) രണ്ട് സീറ്റുകളിലും ജനവിധി തേടും. ഇത്തവണ LJPക്ക് (റാം വിലാസ് പക്ഷം) ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിലാണ് ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 23ന് വോട്ടെണ്ണും.
ഝാർഖണ്ഡ് മുക്തി മോർച്ച (JMM) നേതാവായിരുന്ന ചംപൈ സോറൻ പാർട്ടിയിൽ നിന്ന് കടുത്ത അപമാനം നേരിട്ടതിന് പിന്നാലെയായിരുന്നു ബിജെപിയിലേക്ക് മാറിയത്. ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാവുകയും മുഖ്യമന്ത്രി സ്ഥാനമൊഴിയുകയും ചെയ്തതോടെയായിരുന്നു തൽസ്ഥാനത്തേക്ക് ചംപൈ സോറൻ നിയോഗിക്കപ്പെട്ടത്. ഝാർഖണ്ഡിന്റെ മുഖ്യമന്ത്രി ചുമതലയിൽ ഇരിക്കുമ്പോഴും ഡമ്മി CM-ആയി പ്രവർത്തിക്കേണ്ടി വന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. തുടർന്നാണ് ജെഎംഎമ്മിൽ നിന്ന് അദ്ദേഹം രാജിവച്ചത്. കുറച്ചുനാൾ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ഇടവേളയെടുത്ത ചംപൈ സോറൻ പിന്നീട് ബിജെപിയിൽ അംഗത്വം സ്വീകരിക്കുകയായിരുന്നു. നിലവിലെ ഭരണകക്ഷിയായ ജെഎംഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു ചംപൈ സോറന്റെ നീക്കം. ഈ സാഹചര്യത്തിൽ വരുന്ന നിയസഭാ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.