ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനക്കമ്പനികളുടെ മേധാവിമാരുടെ യോഗം വിളിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS). എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിലാണ് യോഗം നടക്കുന്നത്. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനക്കമ്പനികളുടെയും സിഇഒമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. BCAS ഡയറക്ടർ ജനറൽ സുൽഫിക്കർ ഹസന്റെ അദ്ധ്യക്ഷതയിലാണ് യോഗം.
കഴിഞ്ഞ ആറ് ദിവസത്തിനിടെ 70 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങൾക്ക് നേരെ ഭീഷണി ഉയർന്നു. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, വിസ്താര, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയ്‌ക്കെല്ലാം ഭീഷണി ലഭിച്ചിരുന്നു. വ്യാജ ഭീഷണികളെ തുടർന്ന് വലിയ സമയനഷ്ടവും സാമ്പത്തിക ബാധ്യതയുമാണ് എയർലൈനുകൾക്ക് ഉണ്ടായത്. കോടിക്കണക്കിന് രൂപ നഷ്ടം വന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താനും അടിയന്തര നടപടി സ്വീകരിക്കാനുമാണ് വിമാനക്കമ്പനികളുടെ മേധാവിമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യാജ ബോംബ് ഭീഷണികളെ നേരിടാൻ പുതിയ മാർഗനിർദേശങ്ങൾ ഡിജിസിഎ പുറപ്പെടുവിച്ചേക്കും.















