ഹൈദരബാദ്: അദാനി ഫൗണ്ടേഷൻ തെലങ്കാന സർക്കാരിന് നൽകിയ 100 കോടി രൂപയുടെ സംഭാവന സ്വീകരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുവാക്കൾക്കിടയിൽ വ്യവസായ അധിഷ്ഠിത കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘യങ് ഇന്ത്യ സ്‌കിൽസ് യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനായാണ് സംഭാവന നൽകിയത്. എന്നാൽ കടുത്ത അദാനി വിരോധികളായ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷപാർട്ടികളായ ബിജെപിയും ബിആർഎസും ആരോപിച്ചു.
വെള്ളിയാഴ്ച ഹൈദരാബാദിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സംഭാവന കൈമാറിയത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ ബിജെപി നേതാവ് അമിത് മാളവ്യ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
“രാഹുൽഗാന്ധി ദിവസംമുഴുവൻ ‘അദാനി ,അദാനി’ എന്ന് അലറിവിളിച്ചിട്ടും അതൊന്നും ചെവികൊള്ളാതെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അദാനിയുടെ സംഭാവന സ്വീകരിച്ചു. നിങ്ങളുടെ സ്വന്തം നേതാക്കൾ തന്നെ നേതാവിനെ ഒരു ചവിട്ടുമെത്തയ്‌ക്ക് തുല്യമായാണ് കാണുന്നത്. രാഹുലിന് അത് ശീലമായതിനാൽ ആരും ഇത് ഗൗരവത്തിലെടുക്കാറുമില്ല,” ബിജെപി നേതാവ് എക്‌സിൽ കുറിച്ചു.
മുൻപ് 6,600 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന താപവൈദ്യുതി വിതരണത്തിനുള്ള കരാർ അദാനിക്ക് നൽകിയ മഹാരാഷ്‌ട്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനമുന്നയിച്ചിരുന്നു. കരാറിൽ മഹായുതി സർക്കാർ കൃത്രിമം കാട്ടിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. എന്നാൽ അതേ കോൺഗ്രസാണ് അദാനിയുടെ സംഭാവന സ്വീകരിച്ചിരിക്കുന്നത്.