തൃശൂർ: ചേലക്കരയിൽ ഇൻഡി മുന്നണിയുണ്ടെങ്കിലും വിജയം ബിജെപിക്ക് ഒപ്പം തന്നെയാകുമെന്ന് കെ. ബാലകൃഷ്ണൻ. ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസും സിപിഎമ്മും ചേലക്കരയിൽ ഒന്നിക്കുമെന്നറിയാം പക്ഷെ, ഇവിടെ തൃശൂർ ആവർത്തിക്കാനാണ് പോകുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“കഴിഞ്ഞ 25 വർഷത്തിനിടെ ഒട്ടനവധി ചുമതലകൾ പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്വപൂർണമായി അത് ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ പാർട്ടി നൽകിയിരിക്കുന്ന ഈ ചുമതലയും സന്തോഷത്തോടെ ഏറ്റെടുക്കുന്നു. തൃശൂരിലെ വിജയതന്ത്രം തന്നെ ചേലക്കരയിലും നടപ്പിലാക്കും.
കേരളത്തിൽ ആദ്യമായി ഇൻഡി മുന്നണി ആരംഭിച്ചത് തിരുവില്വാമല പഞ്ചായത്തിൽ നിന്നാണെന്ന് പറയേണ്ടി വരും. സിപിഎമ്മും കോൺഗ്രസും ഒന്നിച്ചുചേർന്നാണ് അന്ന് അവിശ്വാസം കൊണ്ടുവന്നത്. അപ്പോൾ അവർ രണ്ട് പേരും ചേലക്കരയിലും ഒന്നാവാനാണ് സാധ്യത. എന്നാലും ഇത്തവണ ബിജെപി വിജയിക്കുമെന്നതിൽ സംശയമില്ല. ചേലക്കരയിലെ വോട്ടർമാർ പ്രബുദ്ധരാണ്. ഈ കാലത്ത് എന്താണ് നാടിന് ആവശ്യമെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. രണ്ട് മുന്നണിയും ചേലക്കര പരീക്ഷിച്ചതാണ്. ഇനിയവർ ബിജെപിക്ക് അവസരം നൽകുക തന്നെ ചെയ്യും.” – കെ. ബാലകൃഷ്ണൻ പ്രതികരിച്ചു.
നിലവിൽ ബിജെപി ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കെ. ബാലകൃഷ്ണൻ. ചേലക്കരയിലെ സുരേഷ് ഗോപിയാണ് ബാലകൃഷ്ണനെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ പ്രതികരിച്ചിരുന്നു. സാധാരണക്കാരന്റെ പ്രതിനിധിയാണ് ബാലകൃഷ്ണൻ. ഇൻഡി സഖ്യത്തിനെതിരെ നിർത്താവുന്നതിൽ വച്ച് ഏറ്റവും മികച്ച സ്ഥാനാർത്ഥി. തൃശൂരിലേത് പോലെ ചേലക്കരയിലും ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കും. അതിനായി കൃത്യമായ പ്ലാനുണ്ടെന്നും കെ.കെ അനീഷ് കുമാർ പറഞ്ഞു.