ന്യൂഡൽഹി: വികസിച്ചുകൊണ്ടിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ബോധവാന്മാരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകികൊണ്ടായിരിക്കണം ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (AI) പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിലെ ഡോ. അംബേദ്‌കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ‘കർമ്മയോഗി സപ്താഹി’ ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവജനങ്ങൾ എന്നിവരിൽ നിന്ന് നേരിട്ട് നൂതന ആശയങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. ഡാറ്റ പ്രോസസിംഗിൽ AI വിപ്ലവം സൃഷ്ടിക്കുകയാണെന്നും പൗരന്മാരെയും സർക്കാരുകളയും മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ഇത് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ൽ ആരംഭിച്ച മിഷൻ കർമ്മയോഗി ഇന്ത്യൻ മൂല്യങ്ങളിലും ആഗോള വീക്ഷണങ്ങളിലും അധിഷ്ഠിതമായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഭാവിയിലേക്ക് വാർത്തെടുക്കാനും സിവിൽ സർവീസ് സ്ഥാപനങ്ങളുടെ സഹകരണം വർധിപ്പിക്കാനും വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “മിഷൻ കർമ്മയോഗിയിലൂടെ ഇന്ത്യയുടെ വികസനത്തിനുതകുന്ന മാനവവിഭവ ശേഷി സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം,”മോദി പറഞ്ഞു.