ന്യൂഡൽഹി: ഡൽഹിയിൽ രോഹിണി ജില്ലയിലെ സ്കൂളിൽ പൊട്ടിത്തെറി. പ്രശാന്ത് വിഹാറിൽ പ്രവർത്തിക്കുന്ന സിആർപിഎഫ് സ്കൂളിലാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ 7:45 ഓടെയായിരുന്നു സംഭവം.
സ്കൂൾ കെട്ടിടത്തിൽ നിന്നും പൊട്ടിത്തെറി ശ്ബ്ദം കേട്ട നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ വെളുത്ത പുക കെട്ടിടത്തിൽ നിന്നും ഉയരുന്നതാണ് കണ്ടത്. ഇതോടെ ഇവർ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ സ്കൂൾ കെട്ടിടത്തിന് സമീപത്തായി നിർത്തിയിരുന്ന കാറുകളുടെ ചില്ലുകളും തകർന്നു. അവധി ദിനമായതിനാൽ വൻ അപകടം ഒഴിവായി. വിദ്യാർത്ഥികളും ജീവനക്കാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.