കൈ ഞരമ്പ് മുറിച്ച വീഡിയോ കാമുകന് അയച്ച ശേഷം ആശുപത്രിയിൽ കൊണ്ടുപോകാൻ നിർബന്ധിച്ചു, ഇത് കണ്ട യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കിഴക്കൻ ഡൽഹിയിലെ ജഗത്പുരിയിലാണ് നടുക്കുന്ന സംഭവം. യുവതിയെ തിരിച്ചറിഞ്ഞെങ്കിലും ഇവരുടെ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. അർജുൻ എന്ന 23-കാരനാണ് മരിച്ചത്.
ഒരുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. നിയമ വിദ്യാർത്ഥിയായിരുന്ന യുവതിയും അർജുനും തമ്മിൽ വിവിധ കാര്യങ്ങളിൽ വഴക്കുണ്ടാകുമായിരുന്നു. യുവാവ് പാർട്ടികളിൽ പങ്കെടുക്കുന്നതും ലക്ഷ്യങ്ങളൊന്നുമില്ലാതെ അലസനായി നടക്കുന്നതും യുവതിക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് മിക്കപ്പോഴും തർക്കങ്ങൾക്കും വഴക്കിനും കാരണമാകുന്നത്.
വെള്ളിയാഴ്ച രാത്രി 10നായിരുന്നു അവസാനമായി വഴക്ക് നടന്നത്. അർജുന്റെ ബന്ധുക്കളിലൊരാളുമായി തർക്കത്തിലായ യുവതി അപമാനിക്കപ്പെട്ടെന്ന് പറഞ്ഞാണ് വീട്ടിലേക്ക് തിരിച്ചുവന്നതും കൈത്തണ്ട മുറിച്ച ശേഷം വീഡിയോ യുവാവിന് അയച്ച് നൽകിയതും.
വാട്സ് ആപ്പിലാണ് വീഡിയോ അയച്ചത്. യുവാവ് കാമുകിയുടെ അമ്മയെ വിവരം അറിയിച്ചു. പിന്നാലെ വീട്ടിലേക്ക് ഓടിയെത്തി യുവതിയെ പുലർച്ചെ 2.45 ഓടെ ഗുരു തേഗ് ബഹദൂർ ആശുപത്രിയിലെത്തിച്ചു. നഴ്സിനോട് കാര്യങ്ങൾ വിവരിക്കുന്നതിനിടെ യുവതിയുടെ മുറിവുകൾ കണ്ട് കുഴഞ്ഞു വീഴുകയായിരുന്നു. യുവാവിന് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കാമുകിയെ രക്ഷിക്കണമെന്നാണ് അവൻ അവസാനമായി പറഞ്ഞത്. യുവതി അപകടനില തരണം ചെയ്തു.















