മുംബൈ വിമാനത്താവളത്തിൽ നിന്ന് ഈ മാസം മാത്രം കസ്റ്റംസ് പിടികൂടിയത് 20 കോടിയുടെ കഞ്ചാവ്. ആറു കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ബാങ്കോക്കിൽ നിന്നാണ് എല്ലാം എത്തിച്ചിരിക്കുന്നത്. കടത്തിന് പിന്നിൽ ഒരേ സിൻഡിക്കേറ്റാണെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസി. ഇന്നലെ ബാങ്കോക്കിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 8.909 കി.ഗ്രാമാണ് പിടികൂടിയത്.
വിപണിയിൽ 8.9 കോടി വിലമതിക്കുന്നതാണ് ഇത്. യാത്രക്കാരുടെ ബാഗേജിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളിലും ഭക്ഷണ പൊതികളിലുമാണ് ഇവ ഒളിപ്പിച്ചുവച്ചിരുന്നത്. വെള്ളിയാഴ്ച ബാങ്കേക്കിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 1.452 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.
വാക്വം സീൽ ചെയ്ത പാക്കറ്റിലാക്കി വസ്ത്രങ്ങളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. 1.45 കോടി രൂപയാണ് വിപണ വില വരുന്നത്. തിങ്കളാഴ്ചയും 3.46 കിലോ ഗ്രാം കഞ്ചാവ് ഇവിടെ നിന്ന് പിടികൂടിയിരുന്നു. 3.46 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ട്രോളി ബാഗിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇയാളും ബാങ്കോക്കിൽ നിന്നാണ് എത്തിയത്.