ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദികൾ കാനഡ സെക്യൂരിറ്റി ഇന്റലിജൻസ് സർവ്വീസിന്റെ അവിഭാജ്യ ഘടകമാണെന്ന ആരോപണവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഖാലിസ്ഥാൻ ഭീകരരെ കാനഡയിലെ സർക്കാർ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കുകയാണ്. ഈ തീവ്രവാദികൾ സിഎസ്‌ഐഎസിന്റെ ഭാഗമാണെന്ന് തനിക്കറിയാമെന്നും എന്നാൽ ഈ ആരോപണത്തിൽ തെളിവുകൾ നൽകില്ലെന്നും അദ്ദേഹം പറയുന്നു.
” ഇന്ത്യയുടെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും ഖാലിസ്ഥാൻ ഭീകരർ വെല്ലുവിളിക്കുകയാണ്. അത്തരക്കാരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് പകരം കനേഡിയൻ സർക്കാർ ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ആശങ്കകൾ ആത്മാർത്ഥതയോടെ കാണണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ എന്തു സംഭവിക്കണമെന്ന് ഇവിടുത്തെ ജനങ്ങളാണ് തീരുമാനിക്കുന്നത്. ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ പൗരന്മാരല്ല. അവർ കനേഡിയൻ പൗരന്മാരാണ്. ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നത് ഒരു രാജ്യവും അംഗീകരിച്ചു കൊടുക്കുന്ന കാര്യമല്ല.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഉയർത്തുന്ന വാദങ്ങൾ തീർത്തും അസംബന്ധമാണ്. ഒരു ആരോപണത്തിൽ പോലും തെളിവുകൾ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. വിദേശകാര്യമന്ത്രി മെലാനി ജോയ് വോട്ട് ബാങ്ക് രാഷ്‌ട്രീയം മുൻനിർത്തിയാണ് സംസാരിക്കുന്നത്. അല്ലാതെ എനിക്കെതിരെ എന്ത് തെളിവുകളാണ് അവരുടെ കൈവശം ഉള്ളതെന്ന് അവർ പുറത്ത് വിടട്ടെ. ഇന്ത്യയുടെ ഹൈക്കമ്മീഷണർ പദവിയിലിരുന്ന് അത്തരത്തിൽ ഒരു കാര്യവും ചെയ്തിട്ടില്ല.കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെ നിരീക്ഷിക്കുന്നത് ദേശീയ താത്പര്യങ്ങളുടെ ഭാഗമായിട്ടാണെന്നും” അദ്ദേഹം പറയുന്നു.















