ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ സിആർപിഎഫ് സ്‌കൂളിന് സമീപത്തെ കടയിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നിൽ ഖാലിസ്ഥാൻ വാദികളെന്ന് സംശയം. പാകിസ്താനി ടെലിഗ്രാം അക്കൗണ്ട് വഴി പ്രചരിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടനത്തിന് പിന്നിൽ ഖാലിസ്ഥാൻ വാദികളാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ ടെലിഗ്രാം പേജ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സ്‌ഫോടനം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഈ പേജിലൂടെ പ്രചരിച്ചിരുന്നു. ഖലിസ്ഥാൻ സിന്ദാബാദ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇന്ത്യക്കെതിരെ എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ പ്രാപ്തരാണെന്ന് ഇത് തെളിയിക്കുന്നുവെന്നും വീഡിയോയ്‌ക്ക് പിന്നാലെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. വീഡിയോ നിരവധി പാകിസ്താൻ ടെലിഗ്രാമുകളിലൂടെ പ്രചരിക്കുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി.
ഖാലിസ്ഥാൻ വിഘടനവാദിയും സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ മുൻ റോ ഏജന്റ് വികാസ് യാദവ് ലക്ഷ്യമിട്ടിരുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ പ്രകോപനമാണോ സ്‌ഫോടനത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഐഇഡി ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മുന്നറിയിപ്പ് എന്ന നിലയിലായിരിക്കാം തിരക്കൊഴിഞ്ഞ സ്ഥലങ്ങൾ ബോംബ് വയ്‌ക്കാനായി അക്രമികൾ കണ്ടെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.