തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ വ്യാജ പ്രചരണങ്ങളുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് പ്രതിപക്ഷങ്ങൾ നടത്തുന്നതെന്നും അതിന് ചില മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുന്നുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. വിഎം ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വയനാട് ദുരന്തത്തെ കുറിച്ചാണ് കോൺഗ്രസും സിപിഎമ്മും ഇപ്പോൾ വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. കേന്ദ്ര സർക്കാർ യാതൊരു സഹായങ്ങളും ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സംസ്ഥാന- ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ വലിയൊരു ഭാഗവും നൽകുന്നത് കേന്ദ്ര സർക്കാരാണ്. അതുകൊണ്ട് തന്നെ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ എസ്ഡിആർഎഫിന് കേന്ദ്ര സർക്കാർ നൽകുന്ന വിഹിതമായ 145 കോടി രൂപ നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്ന് നാശനഷ്ടങ്ങൾ എന്താക്കെയുണ്ടായി എന്ന കാര്യത്തിൽ കണക്കെടുപ്പ് നടത്തി, ആ റിപ്പോർട്ട് കേന്ദ്രത്തിന് നൽകണം. എൻഡിആർഎഫിൽ നിന്ന് ലഭിക്കാൻ പോകുന്ന പണം ഉപയോഗിച്ച് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് സർക്കാർ കേന്ദ്രത്തെ അറിയിക്കണം.
എന്നാൽ, ദുരന്തം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭയിൽ വാചക കസർത്ത് നടത്തിയിട്ട് കാര്യമില്ല. സംസ്ഥാന സർക്കാർ നൽകേണ്ട കണക്ക് ഇതുവരെ നൽകിയിട്ടില്ലെന്ന് കേന്ദ്രം കോടതിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന് നൽകേണ്ട റിപ്പോർട്ട് നൽകാതെ, ഞങ്ങൾക്ക് സഹായം കിട്ടിയില്ലെന്ന് പറഞ്ഞ് നടക്കുന്നതിന് ഒരു അർത്ഥവുമില്ല. ദുരന്തമുഖത്ത് കള്ളം പറയാതിരിക്കാനുള്ള സാമാന്യമര്യാദ പിണറായി വിജയൻ കാണിക്കണം”.
ദുരന്തം ഉണ്ടായതിന് പിന്നാലെ പ്രധാനമന്ത്രി നേരിട്ടെത്തി സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. ദുരന്തത്തിനിരയായവരെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.















