ശ്രീനഗർ: ജമ്മുകശ്മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ലഷ്കർ -ഇ-ത്വായ്ബ. ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് (ടിആർഎഫ്) ആക്രമണം നടത്തിയത്. ടിആർഎഫ് മേധാവിയും ശ്രീനഗർ സ്വദേശിയുമായ ഷെയ്ഖ് സജ്ജാദ് ഗുൽ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് സ്ഥിരീകരിച്ചു.
ഷെയ്ഖ് സജ്ജാദിന്റെ കൂട്ടാളികളായ മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പാകിസ്താനിൽ നിന്നുള്ള സൈഫുള്ള സാജിദ്, സലീം റഹ്മാനി, കശ്മീർ സ്വദേശി ബാസിത് അഹമ്മദ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
കശ്മീരി പണ്ഡിറ്റുകളെയും സിഖുക്കാരെയും കൊലപ്പെടുത്താൻ ഭീകരർ ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, നിരവധി കശ്മീരി പണ്ഡിറ്റുകളെ ലഷ്കർ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
ഗന്ദർബാലിലെ ശ്രീനഗർ-ലേ ദേശീയ പാതയിലാണ് ഭീകരാക്രമണമുണ്ടായത്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമിക്കുന്ന തുരങ്കം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വെടിവയ്പ്പിൽ ഒരു ഡോക്ടറും ആറ് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ജോലിയ്‌ക്ക് ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് ഭീകരർ തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തത്. ആറോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കേസ് എൻഐഎ സംഘം ഏറ്റെടുത്തിട്ടുണ്ട്.