ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ ചൈനയുമായി ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തിയിലെ സേന പിന്മാറ്റത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനരാരംഭിക്കാനും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഈ സുപ്രധാന പുരോഗതി.
“കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ചർച്ചകളുടെ ഫലമായി ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തെ നിയന്ത്രണരേഖയിൽ പട്രോളിംഗ് ക്രമീകരണങ്ങൾ സംബന്ധിച്ച് ധാരണയിലെത്തി. ഇത് ക്രമേണ സേനാ പിന്മാറ്റത്തിലേക്കും 2020 ൽ മേഖലയിൽ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്കും നയിക്കും,” വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയുടെ സാധ്യതകളും വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര, സൈനിക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും നേതാക്കളുടെ ഉഭയകക്ഷി ചർച്ചയ്‌ക്കുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും വിക്രം മിശ്രി അറിയിച്ചു. ഒക്ടോബർ 22-23 തീയതികളിൽ റഷ്യയിലെ കസാനിൽ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള ചർച്ചകളിൽ ഇതുസംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.