പാലക്കാട് കോൺഗ്രസിൽ തല്ലുമാല. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി സരിനെ പിന്തുണച്ച് ഫെയ്സ്ബുക് പോസ്റ്റ് ഇട്ട യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി ആരോപണം. ഷാഫി പറമ്പിൽ വിഭാഗമാണ് ആക്രമിച്ചതെന്നാണ് മർദ്ദനമേറ്റ ശ്രീജിത്ത് പറയുന്നത്. പാലക്കാട് ജില്ലയിൽ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണെന്നും കോൺഗ്രസ് പ്രവർത്തകനായ യുവാവ് വിമർശിച്ചു.
യൂത്ത് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബു, ഇന്ന് രാവിലെ ജോലിക്ക് പോകുമ്പോഴാണ് മർദ്ദനത്തിനിരയായത്. സിപിഎമ്മിൽ ചേരുന്നതിനു മുൻപ് പി.സരിൻ ഉയർത്തിയ ചില ആരോപണങ്ങളെ യുവാവ് പിന്തുണച്ചിരുന്നു. ഇതിന്റെ പേരിൽ ഷാഫി പറമ്പിൽ വിഭാഗത്തിൽപ്പെട്ടയാൾ മർദ്ദിച്ചുവെന്നാണ് യുവാവ് പറയുന്നത്. പാലക്കാട് ജില്ലയിൽ കോൺഗ്രസ് പാർട്ടിയിൽ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ്. പലരും ഇത് തുറന്നു പറയാൻ ഭയക്കുകയാണെന്നും യുവാവ് ആരോപിച്ചു.
ഷാഫി പറമ്പിലിന്റെ നിർബന്ധത്തിനു വഴങ്ങി രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിനു ശേഷം പാലക്കാട് കോൺഗ്രസിൽ അനുദിനം പൊട്ടിത്തെറികളാണ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആദ്യം രംഗത്തെത്തിയത് ഡോ. പി. സരിൻ ആയിരുന്നു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിക്കുകയും പാലക്കാട് ഇടത് സ്ഥാനാർത്ഥിയാവുകയും ചെയ്തു.