ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകിയ സമൻസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഗുജറാത്ത് സർവകലാശാല നൽകിയ അപകീർത്തിക്കേസിൽ സമൻസിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കേസിൽ കൂട്ടുപ്രതിയായ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിന്റെ ഹർജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നതായി ജസ്റ്റിസ് ഋഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി
അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും പിന്നീട് അതിൽ ഖേദിക്കുകയും ചെയ്യുന്നത് കെജ്‌രിവാളിന്റെ ശീലമാണെന്ന് സർവകലാശാല രജിസ്ട്രാർ പിയൂഷ് പട്ടേലിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട നടത്തിയ പരിഹാസപരവും അപകീർത്തികരവുമായ പ്രസ്താവനകളുടെ പേരിൽ ഗുജറാത്ത് മെട്രോപൊളിറ്റൻ കോടതി കെജ്‌രിവാളിനും സഞ്ജയ് സിംഗിനും സമൻസയച്ചിരുന്നു. ഇതിനെതിരെ ഇരുവരും സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി സമ്പാദിക്കാനായിരുന്നില്ല. തുടർന്നാണ് സമൻസിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുന്നത്.
മോദിയുടെ ബിരുദത്തെകുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് നല്കാൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 2016 ലെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
ഇതിനുപിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിലെ ആം ആദ്മി നേതാക്കളുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് സർവകലാശാല അപകീർത്തിക്കേസ് നൽകിയിരിക്കുന്നത്.