ഭർത്താവിന്റെ ദീർഘായുസിനും ആയുരാരോഗ്യത്തിനും വ്രതമെടുത്ത യുവതി, യുവാവിനെ ചോറിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന് ആരോപണം. യുപിയിലെ കൗശമ്പിയിലാണ് സംഭവം. വ്രതം മുറിച്ച ശേഷം ഭർത്താവിന് നൽകിയ ഭക്ഷണത്തിലാണ് ഇവർ വിഷം വച്ചത്. ശൈലേഷ് കുമാർ(32) ആണ് മരിച്ചത്. ദാമ്പത്യ പ്രശ്നങ്ങളാണ് കാരണം.
ഞായറാഴ്ച യുവതി വ്രതാനുഷ്ഠാനത്തിലായിരുന്നു. യുവാവ് കർവ ചൗത്തിനായുള്ള ഒരുക്കത്തിലും. വൈകിട്ട് ഇവർ തമ്മിൽ വഴക്കുണ്ടായെങ്കിലും പിന്നീട്, അത് പരിഹരിച്ചു. തുടർന്ന് സവിത അത്താഴമുണ്ടാക്കി ഭർത്താവിന് വിളമ്പി. മാക്രോണി പാസ്തയിലാണ് ഇവർ വിഷം കലർത്തി നൽകിയത്. ഇതിന് പിന്നാലെ അയൽക്കാരനെ കാണാനെന്ന് പറഞ്ഞ് ഇവർ വീട്ടിൽ നിന്നും പോയി.
അവശനായ ശൈലേഷിനെ കുടുംബമാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്‌ക്കിടെ ഇയാൾ മരിച്ചു. എന്നാൽ മരിക്കും മുൻപ് ഭാര്യ വിഷം കലർത്തിയ ഭക്ഷണം നൽകിയെന്ന് വ്യക്തമാക്കി യുവാവ് വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. ശൈലേഷിന്റെ സഹോദരന്റെ പരാതിയിൽ സവിതയെ അറസ്റ്റ് ചെയ്തു. മൃതദേഹം പാെലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചു.യുവതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.